കോഴിക്കോട്: കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മലയാളികളുടെ മെഡൽ നേട്ടമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ച. ട്രിപ്പിൾ ജംപിൽ എൽദോസ് പോൾ സ്വർണവും അബ്ദുള്ള അബൂബക്കർ വെള്ളിയുമാണ് നേടിയത്.
അതേസമയം അബ്ദുള്ളയ്ക്ക് മെഡൽ പ്രതീക്ഷിച്ചിരുന്നുവെന്നും സ്വർണവും വെള്ളിയും ഇന്ത്യക്ക് ലഭിച്ചതിൽ സന്തോഷമെന്നും അബ്ദുള്ള അബൂബക്കറിന്റെ കുടുംബം പ്രതികരിച്ചു. അബ്ദുള്ളയ്ക്ക് സ്വർണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ, ഒപ്പം മത്സരിച്ച മലയാളി താരത്തിനുതന്നെ സ്വർണം ലഭിച്ചതിൽ സന്തോഷമെന്നും അബ്ദുള്ളയുടെ പിതാവ് പറഞ്ഞു.
മെഡൽ ലഭിക്കുമെന്ന് അബ്ദുള്ള പ്രതീക്ഷ പങ്കുവെച്ചിരുന്നുവെന്നാണ് മാതാവ് പ്രതികരിച്ചത്. മകൻ ഒരുകാലത്ത് ഒളിംപിക്സ് മെഡൽ നേടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്സിൽ മെഡൽകിട്ടാൻ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കുടുംബം പറയുന്നു.
കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ 17.02 മീറ്റർ ചാടിയാണ് മലയാളിയായ അബ്ദുള്ള അബൂബക്കർ വെള്ളി നേടിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് അബ്ദുള്ള അബൂബക്കർ 17.02 മീറ്റർ കണ്ടെത്തിയത്.
Discussion about this post