ബർമിങ്ഹാം: വീണട്ും കേരളത്തിന് അഭിമാനമായി കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരങ്ങളുടെ മോഡൽവേട്ട, ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോൾ സ്വർണം നേടി. അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. 17.02 മീറ്റർ ചാടിയാണ് മലയാളിയായ അബ്ദുള്ളയുടെ നേട്ടം.
ഇന്ത്യൻ താരമായ പ്രവീൺ ചിത്രാവൽ നാലാം സ്ഥാനത്ത് എത്തിയതും നേട്ടമായി. ബെർമൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം. ആദ്യ ശ്രമത്തിൽ 16.92 മീറ്റർ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ. ആദ്യ ശ്രമത്തിൽ 14.62 മീറ്റർ മാത്രമാണ് എൽദോസിന് കണ്ടെത്താനായത്. മൂന്നാം ശ്രമത്തിൽ എൽദോസ് സുവർണദൂരമായ 17.03 മീറ്റർ കണ്ടെത്തിയിരുന്നു.
അബ്ദുള്ള അബൂബക്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റർ കണ്ടെത്തിയത്. മത്സരത്തിൽ പതിനേഴ് മീറ്റർ മറികടക്കാനായത് ഇരുവർക്കും മാത്രമാണ്. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണ് എൽദോസ് സ്വന്തമാക്കിയത്.
ഇതുവരെ ഇന്ത്യ 16 സ്വർണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം, ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എൽദോസ് പോളിനെയും അബ്ദുള്ള അബൂബക്കറിനെയും കായിക മന്ത്രി വി അബ്ദുറഹ്മാൻ അഭിനന്ദിച്ചു. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കേരളം അത്ലറ്റിക്സിൽ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. കായിക മേഖലയ്ക്കാകെ പ്രചോദനമാണിതെന്നും അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.
Discussion about this post