സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അടിച്ച സിക്സര്‍ ചെന്ന് കൊണ്ട് പരിക്കേറ്റ കുട്ടിയെ കാണാന്‍ താരം നേരിട്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

രോഹിത്തിന്റെ ട്രേഡ് മാര്‍ക്ക് പുള്‍ഷോട്ടാണ് ഗാലറിയിലിരുന്ന കുട്ടിയുടെ കൈയ്യില്‍ പതിച്ചത്. പിന്നാലെ ഈ കുട്ടിയെ ഇംഗ്ലണ്ട് ടീമിന്റെ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. എങ്കിലും ശേഷമുള്ള രോഹിത് ശര്‍മ്മയുടെ മനോഹരമായ മാതൃകയ്ക്ക് ഇന്ത്യന്‍ ടീമിനെയും അദ്ദേഹത്തേയും അഭിനന്ദിക്കുകയാണ് ആരാധകര്‍.

ഓവലില്‍ കുടുംബത്തോടൊപ്പം മത്സരം കാണാനെത്തിയ മീര എന്ന കുട്ടിക്കാണ് പരിക്കേല്‍ക്കുന്നത്. പന്ത് കുട്ടിയുടെ ദേഹത്ത് കൊണ്ടതിന് പിന്നാലെ മത്സരം അല്‍പ്പനേരം തടസപ്പെട്ടിരുന്നു.

എന്നാല്‍ മത്സര ശേഷം കുട്ടിയെ നേരില്‍ കാണാന്‍ രോഹിത് തന്നെ എത്തിയതായാണ് വിവരം. ഇംഗ്ലണ്ട് ക്രിക്കറ്റ് കുട്ടിക്ക് ടീം ജഴ്സി നല്‍കുകയും ചെയ്തു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതേസമയം മീരയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിയുടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രോഹിത്തിന്റെ പുള്‍ സിക്‌സര്‍ കുട്ടിയുടെ കയ്യില്‍ പതിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പന്ത് കൊണ്ടതായി കമന്റേറ്റര്‍മാര്‍ പറയുന്നത് ടെലിവിഷന്‍ സംപ്രേഷണത്തില്‍ കേള്‍ക്കാനായി.

കുട്ടിയെ രോഹിത് ശര്‍മ്മ ആശ്വസിപ്പിച്ചതിനൊപ്പം ചോക്ലേറ്റ് നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തതായി ഒരു ട്വീറ്റില്‍ പറയുന്നു. ഇംഗ്ലീഷ് ടീം ജേഴ്‌സി സമ്മാനിച്ചതായി മറ്റൊരു ട്വീറ്റില്‍ പറയുന്നു.


ഓവല്‍ ഏകദിനം 10 വിക്കറ്റിന് വിജയിച്ച് ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു.

Exit mobile version