മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം 399 റണ്‍സ്. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം വിജയലക്ഷ്യത്തിനായി ഓസീസ് പൊരുതുകയാണ്. അഞ്ചുവിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയ പരിതാപകരമായ അവസ്ഥയിലാണ്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും (3), മാര്‍ക്കസ് ഹാരിസും (13) തുടക്കത്തില്‍ തന്നെ പുറത്തായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ ഇരട്ടിച്ചു. നിലവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയിലാണ് ഓസ്ട്രേലിയ.
27 റണ്‍സുമായി ഹെഡും റണ്‍സൊന്നുമെടുക്കാതെ ടിം പെയ്നുമാണ് ക്രീസില്‍. ഫിഞ്ചിനെ ബുംറ പുറത്താക്കിയപ്പോള്‍ ജഡേജയ്ക്കാണ് ഹാരിസിന്റെ വിക്കറ്റ്. മിച്ചല്‍ മാര്‍ഷിനേയും ജഡേജ പുറത്താക്കി.
ഫിഞ്ച് (3), ഹാരിസ് (13), ഖ്വാജ (33), ഷോണ്‍ മാര്‍ഷ് (44), മിച്ചല്‍ മാര്‍ഷ് (10), എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (42), രവീന്ദ്ര ജഡേജ (5), ഋഷഭ് പന്ത് (33)എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഋഷഭിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോഹ്ലി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ ഏഴു വിക്കറ്റിന് 443 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത്, ഓസ്ട്രേലിയയെ 151 റണ്‍സിനു പുറത്താക്കി 292 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ തകരുകയായിരുന്നു.
Discussion about this post