കൊച്ചി: ആരാധകരുടെ നെഞ്ചില്‍ ഇടിതീ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്. മലയാളിതാരം സികെ വിനീത് ചെന്നൈയിന് എഫ്സിയിലേക്ക് ചേക്കേറുന്നതായി സൂചന. എന്നാല്‍ താരത്തിന്റെ പോക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 2019ല്‍ താരം പുതിയ ടീമുമായി ചേരും എന്നാണ് വിവരം.
അഞ്ചാം സീസണ് ഐഎസ് എല്ലിലെ പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും എഎഫ്സി കപ്പ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതിന് മുമ്പ് ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിനീതിനെ ടീമിലെത്തിക്കാന്‍ ചെന്നൈയിന്‍സ് തയ്യാറെടുക്കുന്നത്.
തങ്ങളുടെ പ്രധാന സ്ട്രൈക്കറായ ജെജെ ലാല്‍ പെഖുല ഫോമിലല്ലാത്തതും വിനീതില്‍ കണ്ണ് വെക്കാന്‍ ചെന്നൈയെ പ്രേരിപ്പിച്ചു. നിരാശാജനകമായ അഞ്ചാം സീസണില്‍ ചെന്നൈയുടെ മുന്നേറ്റ നിര അമ്ബേ പരാജയമായിരുന്നു. വിനീതിനെപ്പോലൊരു താരത്തെ ടീമിലെത്തിക്കുന്നത് വഴി ഇക്കാര്യത്തില്‍ ഒരു പരിഹാരമാകുമെന്നാണ് അവരുടെ വിശ്വാസം.
അതേ സമയം ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ സി കെ വിനീതിന് അഞ്ചാം സീസണില്‍ പ്രതീക്ഷയ്ക്കൊത്തുയരാനായിട്ടില്ല. അഞ്ചാം സീസണ് ഐ എസ് എല്ലില്‍ ഇതേ വരെ 585 മിനുറ്റുകള്‍ കളിക്കാനിറങ്ങിയ വിനീത് 2 ഗോളുകള്‍ മാത്രമാണ് ഇത്തവണ നേടിയത്. ഇതിനിടയില്‍ ആരാധകരുമായി ഉടലെടുത്ത ചില പ്രശ്നങ്ങള്‍ കൂടിയായതോടെ വിനീതും ടീം മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിനീത് ടീം വിടുന്നതുമായി ബന്ധപ്പെട്ട് ഇതേ വരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
2017ല്‍ സീസണില്‍ ഒരു കോടി രൂപ വീതം നല്‍കാം എന്ന കരാറിലാണ് സികെ വിനീതിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2018-19 സീസണ് വരെയായിരുന്നു കരാര്‍. ട്രാന്‍സ്ഫര്‍ തുക ഇല്ലാതെ വിട്ടു നല്കുന്നു എന്ന് പറയുമ്പോള്‍ നിശ്ചിത കരാര്‍ തുകയ്ക്ക് മറ്റ് ക്ലബ്ബുകള്‍ക്ക് വിനീതിനെ വാങ്ങാം. കരാര്‍ സമയം തീരുന്നതിന് മുമ്പ് നഷ്ടം ഒന്നും ഈടാകാതെ തന്നെ താരത്തെ റിലീസ് ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് താത്പര്യപ്പെടുന്നു എന്ന്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷത്തിന് വകവെച്ചിരിക്കുകയാണ് ഈ അഭ്യൂഹങ്ങള്‍.
Discussion about this post