സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഇതിഹാസതാരം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ച് ഉണ്ടായ അപകടമാണ് താരത്തിന്റെ ജീവനെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
ഒരുകാലത്ത് അജയ്യരായി ക്രിക്കറ്റ് ലോകത്തെ ഭരിച്ചിരുന്ന ഓസീസിന്റെ നട്ടെല്ലായിരുന്നു സൈമണ്ട്‌സ്. എതിരാളികളുടെ അത്മവിശ്വാസം ബാറ്റുകൊണ്ടും ബോളുകൊണ്ടും തല്ലിക്കെടുത്തിയിരുന്ന സൈമണ്ട്‌സ് എതിർതാരങ്ങളുടെ പേടി സ്വപ്‌നമായിരുന്നു. എല്ലാം തികഞ്ഞ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കാവുന്ന സൈമണ്ട്‌സിന്റെ വിയോഗം ഓസീസിനെ തെല്ലൊന്നുമല്ല ഉലയ്ക്കുന്നത്.
ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഈ വർഷം ദുരന്തങ്ങളുടേതാണ്. ഓസീസ് ഇതിഹാസങ്ങളായ റോഡ് മാർഷിന്റെയും ഷെയിൻ വോണിന്റെയും മരണത്തിന് തൊട്ടുപിന്നാലെയാണ് സൈമണ്ട്‌സിന്റെ വിയോഗ വാർത്തയും തേടിയെത്തിയിരിക്കുന്നത്.
ഓസീസ് ക്രിക്കറ്റിന് മറക്കാനാകാത്ത ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച താരമാണ് സൈമണ്ട്സ്. 1998-ൽ പാകിസ്താനെതിരേ അരങ്ങേറ്റംകുറിച്ച സൈമണ്ട്സ്, 2009ൽ അവസാന അന്താരാഷ്ട്ര മത്സരത്തിൽ കളിച്ചതും പാകിസ്താനെതിരെയായിരുന്നു. ഏകദിനങ്ങളിൽ ഏറെ തിളങ്ങിയ താരം 2003, 2007 വർഷങ്ങളിൽ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരത്തിൽ പോലും സൈമണ്ട്സ് മാറിനിന്നിരുന്നില്ല.
എതിരാളികളെ വിറപ്പിച്ചിരുന്ന അപകടകാരിയായ വലംകൈയൻ ബാറ്ററായിരുന്ന സൈമണ്ട്സ്. കളിയുടെ നിയന്ത്രണം ഒറ്റയ്ക്ക് ഏറ്റെടുത്ത് നിരവധി മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാനും സൈമണ്ട്സിന് കഴിഞ്ഞു. ഓഫ് ബ്രേക്ക് ബൗളറായ സൈമണ്ടസ് നിരവധി മത്സരങ്ങളിൽ നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തിയും മികച്ചുനിന്നു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡർ എന്ന നേട്ടവും സൈമണ്ട്‌സിന് സ്വന്തം.
ാസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിനവും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ 1462 റൺസും 24 വിക്കറ്റും നേടി. ഏകദിനത്തിൽ 5088 റൺസും 133 വിക്കറ്റുമാണ് സമ്പാദ്യം. ആറ് സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഒരുതവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ട്വന്റി-20യിൽ 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കി.
ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കായും കളത്തിലിറങ്ങി. 2009 ഐപിഎൽ സീസണിൽ ഡെക്കാൻ ചാമ്പ്യൻമാരായ വേളയിലും ടീമിൽ സൈമണ്ട്സിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2012ലാണ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.