മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ബോളിങില്‍ കരുത്തുകാണിച്ച് ഓസ്ട്രേലിയയുടെ മികച്ച തിരിച്ചുവരവ്.ആദ്യ ഇന്നിങ്സ് തകര്‍ത്തടുക്കിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ കൂട്ടത്തകര്‍ച്ച. 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ ബോളിങാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്.
ഹനുമാ വിഹാരി(13), ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(0), അജിങ്ക്യാ രഹാനെ(1) രോഹിത് ശര്‍മ്മ (5)എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് റണ്‍സെടുക്കുന്നതിനിടെയാണ് ആദ്യത്തെ നാല് വിക്കറ്റുകളും വീണത്. ഓപ്പണിംഗ് വിക്കറ്റില്‍ വിഹാരി-മായങ്ക് അഗര്‍വാള്‍ സഖ്യം 28 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തകര്‍ച്ച. ഓസീസിനായി പാറ്റ് കമ്മിന്‍സാണ് നാലു വിക്കറ്റും വീഴ്ത്തിയത്. രോഹിത്തിനെ വീഴ്ത്തിയത് ഹേസല്‍വുഡാണ്. ഷോണ്‍ മാര്‍ഷിന് പിടികൊടുത്തായിരുന്നു മുന്‍ നായകന്റെ മടക്കം.
വിഹാരിയെ കമ്മിന്‍സ് സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിച്ചപ്പോള്‍ കോഹ്ലിയും പൂജാരയും സമാനമായ ഷോട്ടുകളില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഹാരിസിന് ക്യാച്ച് നല്കി മടങ്ങി. രഹാനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്നിന് പിടികൊടുത്തു. ഒന്നാം ഇന്നിംഗ്സിലെ കൂറ്റന്‍ ലീഡിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്കിപ്പോള്‍ 339 റണ്‍സിന്റെ ആകെ ലീഡുണ്ട്.
നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 151 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്രയാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്.
Discussion about this post