മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്മാരെല്ലാം തിളങ്ങിയതോടെ ഇന്ത്യ 443ന് 7 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കരിയറിലെ 17-ാം സെഞ്ച്വറി കുറിച്ച ചേതേശ്വര്‍ പൂജാരയുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. 280 പന്തുകളില്‍ നിന്നാണ് പൂജാര ശതകം തികച്ചത്. സെഞ്ച്വറിക്ക് പിന്നാലെ റണ്‍സ് 106 ല്‍ എത്തി നില്‍ക്കെ കമ്മിന്‍സിന് വിക്കറ്റ് നല്‍കി പൂജാര മടങ്ങുകയായിരുന്നു. തൊട്ടുമുന്‍പായി നായകന്‍ വിരാട് കോഹ്‌ലി സ്റ്റാര്‍ക്കിന്റെ ബോളില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങിയിരുന്നു. 82 റണ്‍സാണ് കോഹ്‌ലിയുടെ നേട്ടം.
അതേസമയം, വിദേശ മണ്ണില്‍ ടെസ്റ്റില്‍ 2000 എന്ന നേട്ടവും 90 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ പൂജാര സ്വന്തമാക്കിയിരുന്നു. ഒാപ്പണര്‍ ഹനുമ വിഹാരി പരാജയപ്പെട്ടെങ്കിലും സഹ ഓപ്പണറായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മായങ്കാണ് റണ്‍സ് വേട്ട തുടങ്ങി വെച്ചത്. 76 റണ്‍സെടുത്ത് അര്‍ധസെഞ്ച്വറിയോടെ മായങ്ക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസിലുണ്ടായിരുന്ന രോഹിത് ശര്‍മ്മയും അര്‍ധസെഞ്ചവറി നേടി സ്‌കോര്‍ ബാര്‍ഡിന് കരുത്തായി. അതേസമയം, രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെന്ന നിലയിലാണ്.
ഹനുമ വിഹാരി (66 പന്തില്‍ എട്ട്), മായങ്ക് അഗര്‍വാള്‍ (161 പന്തില്‍ 76), ചേതേശ്വര്‍ പൂജാര (319 പന്തില്‍ 106), വിരാട് കോഹ്‌ലി (204 പന്തില്‍ 82), രഹാനെ (76 പന്തില്‍ 34), റിഷഭ് പന്ത് (76 പന്തില്‍ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തില്‍ നാല്) എന്നിവരാണ് ഒന്നാം ഇന്നിങ്‌സില്‍ പുറത്തായത്. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മ പുറത്താകാതെനിന്നു.
ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസീസും പരമ്പരയില്‍ തുല്യനിലയിലാണ്.
Discussion about this post