മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിനെ വീണ്ടും വിവാദത്തിലാക്കി ഗുരുതര ആരോപണം ഉന്നയിച്ച് താരം റോബിൻ ഉത്തപ്പ. 2009 ഐപിഎൽ സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ച് മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തിയെന്നാണ് താരത്തിന്റെ ആരോപണം.
2009ലെ സീസൺ ആരംഭിക്കുന്നതിന് രണ്ടു മാസം മുമ്പാണ് സംഭവം. ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല എന്നായിരുന്നു ഭീഷണിയെന്നും ഉത്തപ്പ പറഞ്ഞു. എന്നാൽ ആരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഉത്തപ്പ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനായാണ് താരം കളിക്കുന്നത്.
ഐപിഎല്ലിൽ 2012 മുതൽ 18 വരെ മികച്ച ഫോമിലായിരുന്നു ഉത്തപ്പ. 130 സ്ട്രൈക് റേറ്റിൽ 4600-ലധികം റൺസ് സ്കോർ ചെയ്ത ഉത്തപ്പ ഒട്ടുമിക്ക ഐപിഎൽ ടീമുകളിലും കളിച്ചിരുന്നു. മുംബൈ ഇന്ത്യൻസ് താരമായി വന്ന ഉത്തപ്പ പിന്നീട് ബാംഗ്ലൂരിലും പുണെ വാരിയേഴ്സിലും കളിച്ചു. 2014 മുതൽ 19 വരെ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്നു. പിന്നീട് രാജസ്ഥാനിലെത്തിയ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ടീമിലെത്തിക്കുകയായിരുന്നു.