ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയെ ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ നാണംകെടുത്തുന്ന തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബോളര്‍ ട്രെന്‍ഡ് ബോള്‍ട്ട്. 15 ബോള്‍ മാത്രം എറിഞ്ഞ് നാല് റണ്‍സ് വിട്ടുകൊടുത്ത് ബോള്‍ട്ട് ഊരിയെടുത്തത് ശ്രീലങ്കയുടെ ആറ് വിക്കറ്റാണ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനം.
ട്രെന്റിന്റെ പ്രകടനത്തിന് പിന്നാലെ ശ്രീലങ്ക 104 റണ്‍സിന് പുറത്തായി. ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തില്‍ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്റെയും ഏറ്റവും മോശം പ്രകടനമാണിത്. ന്യൂസീലന്‍ഡിന് 74 റണ്‍സിന്റെ ലീഡാണ് ഇന്നിങ്സില്‍ ഉള്ളത്.
എറിഞ്ഞ മൂന്നാം ഓവര്‍ തൊട്ടാണ് ട്രെന്റ് ബോള്‍ട്ട് ഫോമായത്. ആദ്യവിക്കറ്റ് വീണതും ഈ ഓവറില്‍. ട്രെന്റിന്റെ മൂന്നാം പന്തില്‍ റോഷന് സില്‍വ പുറത്തായതോടെയാണ് വേട്ട ആരംഭിച്ചത്. അവസാന അഞ്ച് വിക്കറ്റുകള്‍ വീണതാകട്ടെ സ്കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് കൂട്ടിച്ചേര്ക്കുന്നതിനിടെയും.
രണ്ടാം ദിനം വെറും 40 മിനിറ്റുകൊണ്ടാണ് ശ്രീലങ്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ച് ബാറ്റേന്തിയവരെ ട്രെന്റ് കൂടാരം കയറ്റിയത്. മത്സരത്തിന്റെ ആദ്യദിനത്തില്‍ പത്ത് ഓവര്‍ എറിഞ്ഞ ബോള്‍ട്ടിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഈ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് രണ്ടാം ദിനത്തില്‍ താരം കാഴ്ചവെച്ചത്. 15 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയതാണ് ട്രെന്റിന്റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനം. മാര്‍ച്ചില്‍ ഈഡന് പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരെ 32 റണ്‍സ് വിട്ടുകൊടുത്തു താരം ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു.
29 കാരനായ ട്രെന്റ് ബോള്‍ട്ട് ടെസ്റ്റില്‍ ഇതുവരെ 230 വിക്കറ്റുകളാണു നേടിയിട്ടുള്ളത്. ന്യൂസീലാന്‍ഡ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ അഞ്ചാമതാണ് താരം.
15 balls, 6 wickets..
Unbelievable spell @trent_boult #NZvSLpic.twitter.com/MSaEzuTzL7— Misal 🇮🇳 (@MisalRaj_) December 27, 2018
Discussion about this post