ജയ്പുർ: ഐപിഎൽ തുടങ്ങാനിരിക്കെ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽമീഡിയ ടീമിനെ പുറത്താക്കി മാനേജ്‌മെന്റ്. നായകനായ സഞ്ജു സാംസണിനെ പരിഹസിക്കുന്ന കോമാളി ചിത്രം ട്വിറ്ററിൽ പങ്കുവെച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. സഞ്ജു പരാതിപ്പെട്ടതോടെ രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിനെ മാനേജ്മെന്റ് പുറത്താക്കി.
റോയൽസിന്റെ ടീം ബസിൽ സഞ്ജു സാംസൺ യാത്ര ചെയ്യുന്ന ചിത്രം കോമാളിയാക്കുന്ന തരത്തിലുള്ള ചില മാറ്റങ്ങൾ വരുത്തിയാണ് ഔദ്യോഗിക ഹാന്റിലിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ സഞ്ജുവിന് ഒരു നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും അവർ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തു. എത്ര സുന്ദരമായിരിക്കുന്നുവെന്ന് ഈ ചിത്രത്തിന് തലക്കെട്ടും നൽകി. കണ്ണുകളുരുട്ടുന്ന, പൊട്ടിച്ചിരിക്കുന്ന ഇമോജികളും ക്യാപ്ഷനൊപ്പം ചേർത്തിരുന്നു.
എന്നാൽ ഇക്കാര്യം ഇഷ്ടപ്പെടാതിരുന്ന സഞ്ജു തന്റെ പ്രതികരണം സോഷ്യൽമീഡിയയിലൂടെ തന്നെ തുറന്നടിക്കുകയായിരുന്നു. ‘സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം.’ റോയൽസിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു മറുപടി നൽകി. പിന്നാലെ രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്യുകയും ചെയ്തു.
https://t.co/bDwj0V6Vms pic.twitter.com/tXfaLpoOxl
— Rajasthan Royals (@rajasthanroyals) March 25, 2022
ഇതോടെ രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയാ ടീമിനെ മാറ്റുകയാണെന്ന വിശദീകരണക്കുറിപ്പ് പുറത്തിറക്കിയാണ് സംഗതികൾ വഷളാക്കാതെ നോക്കിയത്. ‘ഇന്നത്തെ സംഭവവികാസങ്ങളുടെ പേരിൽ ഞങ്ങളുടെ സമീപനത്തിലും സോഷ്യൽ മീഡിയയിലെ ടീമിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ആദ്യ മൽസരത്തിനു മുന്നോടിയായി ടീമിനുള്ളിൽ എല്ലാം മികച്ച രീതിയിൽ തന്നെയാണ്. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ മൽസരത്തിനു സംഘം തയ്യാറെടുക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ മാനേജ്മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടൻ നിയമിക്കും. ഐപിഎൽ സീസണായതിനാൽ തന്നെ സ്ഥിരമായി അപ്‌ഡേഷനുകൾ വേണമെന്ന് ആരാധകർ ആഗ്രഹിക്കും. താൽക്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കും.’-രാജസ്ഥാൻ റോയൽസ് വിശദീകരണക്കുറിപ്പിൽ പറയുന്നു.