പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നങ്ങൾ തകർത്ത് ഹൈദരാബാദിന്റെ ഗോളി ലക്ഷ്മീകാന്ത് കട്ടിമണിയുടെ മികവിൽ ഹൈദരാബാദിന് കിരീടം. കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി ഐഎസ്എൽ ഫൈനൽ മത്സരം നിശ്ചിത സമയത്ത് ഓരോ ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. അധികമായി അനുവദിച്ച 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
ഹൈദരാബാദിന്റെ ചടുലമായ നീക്കങ്ങളെ തടയുന്നതിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോളി പരാജയപ്പെട്ടതോടെയാണ് 3-1 എന്ന സ്‌കോറിൽ ഹൈദരാബാദിന് കന്നി കിരീടം സ്വന്തമായത്. എടികെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്‌സി, ബംഗളൂരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.
𝐇𝐄𝐑𝐎 𝐈𝐒𝐋 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆
A special night for @hyderabadfc as they top off their brilliant campaign by securing the #HeroISL trophy, after defeating Kerala Blasters FC in a penalty shootout! 👏#HFCKBFC #HeroISLFinal #FinalForTheFans #LetsFootball #HyderabadFC pic.twitter.com/RqhKTnMrp9
— Indian Super League (@IndSuperLeague) March 20, 2022
ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ 3 കിക്കുകൾ തടുത്തിട്ട ഹൈദരാബാദ് ഗോൾ കീപ്പർ കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയത്തിൽ നിർണായകമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മാർക്കോ ലെസ്‌കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2-ാം കിക്ക്, ജീക്‌സൻ സിങ്ങിന്റെ 4-ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ആയുഷ് അധികാരി മാത്രമാണു ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്.
ഹൈദരാബാദിനായി കിക്കെടുത്ത ജാവോ വിക്ടർ, കമാറ, ഹാലിചരൺ നർസാരി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, സിവേറിയോയുടെ ഷോട്ട് പുറത്തുപോയി. 68-ാം മിനിറ്റിൽ മലയാളി താരം കെപി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും, മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റിയൂട്ട് താരം സാഹിൽ തവോറ (88′) ഹൈദരാബാദിനായി ഗോൾ മടക്കിയതാണ് ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നത്തിന്റെ വേരറ്റത്. ആദ്യ പകുതിയിൽ ആൽവാരാ വാസ്‌കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയതും ബ്ലാസ്റ്റേഴ്‌സിന് നിരാശയായി.
Discussion about this post