മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആവർത്തിച്ച് പോലീസ്. എന്നാൽ മാധ്യമങ്ങളിലടക്കം വോണിന്റെ മരണം വലിയ ചർച്ചയാവുകയാണ്. പലരും ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുന്നു. ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുൻപ് ഉഴിച്ചിലിനായി നാലു യുവതികൾ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലേക്ക് എത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
തായ്ലൻഡ് പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നാലു യുവതികൾ വോണും സുഹൃത്തുകളും താമസിച്ചിരുന്ന വില്ലയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇവരാണ് വോണിനെ ഏറ്റവും ഒടുവിൽ ജീവനോടെ കണ്ടതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, വോണിന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് തായ്ലൻഡ് പോലീസ് വ്യക്തമാക്കി.
വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാലു യുവതികൾ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിൽ രണ്ടു യുവതികൾ ഷെയ്ൻ വോൺ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികൾ 2.58ന് പുറത്തുപോയെന്നും സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പോലീസ് വിശദീകരിക്കുന്നു. ഇവർ വില്ല വിട്ടശേഷം ഏതാണ്ട് രണ്ടേകാൽ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ യുവതികളാണ് വോണിനെ ഏറ്റവുമൊടുവിൽ ജീവനോടെ കണ്ടതെന്ന് പോലീസ് പറയുന്നത്. അതേസമയം, വോണിന്റെ മരണത്തിൽ എന്തെങ്കിലും വിധത്തിലുള്ള ദുരൂഹത ഉണ്ടാകാനുള്ള സാധ്യത തായ്ലൻഡ് പോലീസ് തള്ളിക്കളഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വോണിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്ന് വ്യക്തമായിരുന്നു.
Discussion about this post