മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പരിഹസിച്ച് ഓസീസ് കമന്റേറ്റര്‍. തത്സമയ കമന്ററിയ്ക്കിടെ ഓസ്ട്രേലിയന്‍ കമന്റേറ്റര്‍ കെറി ഒകീഫാണ് ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മായങ്കിനേയും രഞ്ജിട്രോഫി ക്രിക്കറ്റിനേയും പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തില്‍ അപമാനിച്ചത്.
രഞ്ജി ട്രോഫിയില്‍ മായങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയെ കുറിച്ച് പറയുന്നതിനിടേയാണ് ഒകീഫ് പരിഹസിച്ചത്. അഗര്‍വാള്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് കാന്റീന്‍ സ്റ്റാഫിനെതിരേയും വെയ്റ്റേഴ്സിനെതിരേയും കളിച്ചാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിലെ ബൗളര്‍മാരുടെ നിലവാരം സൂചിപ്പിക്കാനാണ് ഒകീഫ് ഈ പരാമര്‍ശം നടത്തിയത്.
ഓസ്ട്രേലിയന്‍ മുന്‍ താരങ്ങളായ ഷെയ്ന്‍ വോണ്‍ മാര്‍ക്ക് ഹൊവാര്‍ഡ് എന്നിവരും ഈ സമയത്ത് ഒകീഫിന്റെ കൂടെയുണ്ടായിരുന്നു.
എന്നാല്‍ അരങ്ങേറ്റത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ 76 റണ്‍സ് എടുത്ത് അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ച്ചവെച്ച് അഗര്‍വാള്‍ ഓസ്ട്രേലിയന്‍ കമന്റേറ്ററുടെ പരിഹാസത്തിന് കൃത്യമായ മറുപടി കൊടുക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇതോടെ അഗര്‍വാളിന് സ്വന്തമായി. ഏതായാലും വിഷയം ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും വിവാദപരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.