മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഓരോ ചുവടും ശ്രദ്ധയോടെ. ടോസ് കിട്ടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 215 റണ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തോടെ ആദ്യ ദിനത്തിലെ കളി അവസാനിപ്പിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ആദ്യ മത്സരത്തിനിറങ്ങിയ മായങ്ക് അഗര്‍വാളിന്റെ 76 റണ്‍സിന്റെ ഇന്നിങ്‌സാണ് ഏറ്റവും ശ്രദ്ധേയമായത്.
തുടക്കക്കാരന്റെ പരിഭ്രമങ്ങളില്ലാതെയാണ് വിദേശ മണ്ണില്‍ മികച്ച ഇന്നിങ്‌സ് ഈ കര്‍ണാടകക്കാരന്‍ കാഴ്ചവെച്ചത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. നാല് ഇന്നിങ്സ് കളിച്ചിട്ടും മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.
വിഹാരിക്ക് പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജാര (68*), മായങ്ക് കയറിയതോടെ കളത്തിലിറങ്ങിയ വിരാട് കോലി (47*) എന്നിവരുടെ ഇന്നിങ്സും ഇന്ത്യയ്ക്ക് ആശ്വാസമായി. മായങ്കിന് കൂടെ ഓപ്പണറായി ഇറങ്ങിയ ഹനുമ വിഹാരി 66 ബോളില്‍ നിന്നും 8 റണ്‍സെടുത്താണ് പുറത്തായത്. അഗര്‍വാള്‍ – വിഹാരി സഖ്യം ആദ്യ വിക്കറ്റില്‍ 40 കൂട്ടിച്ചേര്‍ത്തു. പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
വിഹാരിക്ക് പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര ഒച്ചിഴയും വേഗത്തിലാണ് റണ്‍ കണ്ടെത്തിയത്. 200 പന്തുകളില്‍ നിന്നാണ് താരം 68 റണ്‍സ് നേടിയത്. എങ്കിലും ഇനിയൊരു തോല്‍വിയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകത്ത ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് പൂജാരയും കോഹ്‌ലിയും കൂട്ടിച്ചേര്‍ത്തു.
Discussion about this post