ന്യൂഡല്‍ഹി: ഇന്ത്യ – ചൈന രാജ്യാന്തര സൗഹൃദമത്സരത്തിനു വേണ്ടിയുള്ള ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനു വീണ്ടും കിക്കോഫ്. വിശ്രമം കഴിഞ്ഞ് മികച്ച തയ്യാറെടുപ്പിമായി എത്തുന്ന ഡല്‍ഹി ഡൈനമോസും കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമത്സരം. നാളെ ചെന്നൈയിന്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായും വെള്ളിയാഴ്ച മുംബൈ സിറ്റി എഫ്‌സി, പുണെ സിറ്റി എഫ്‌സിയുമായും മല്‍സരിക്കും. ശനിയാഴ്ച ഐഎസ്എല്‍ ആവേശം കൊച്ചിയിലുമെത്തും. പോരാട്ടം ബ്ലാസ്റ്റേഴ്‌സും ഡല്‍ഹിയും തമ്മില്‍.
കഴിഞ്ഞ നാലു സീസണുകളിലായി രണ്ടു തവണ വീതം ചാംപ്യന്‍പട്ടം ചൂടിയ കൊല്‍ക്കത്തയും ചെന്നൈയും ഇത്തവണ മോശം ഫോമിലാണ്. പതിഞ്ഞ തുടക്കം ചെന്നൈയുടെ പതിവു ശീലമാണെങ്കില്‍ കൊല്‍ക്കത്തയുടെ കാര്യത്തില്‍ അതല്ല അവസ്ഥ. മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കൂടിയായ സ്റ്റീവ് കോപ്പല്‍ ഐഎസ്എല്ലിലെ കിട്ടാവുന്ന മികച്ച താരങ്ങളെയെല്ലാം ചേര്‍ത്തിണക്കിയാണ് എടികെയെ ഈ വര്‍ഷം രൂപപ്പെടുത്തിയെടുത്തത്. മാനുവല്‍ ലാന്‍സറോറ്റെ (ഗോവ), കാലു ഉച്ചെ (ഡല്‍ഹി), ജോണ്‍ ജോണ്‍സണ്‍ (ബംഗളൂരു), എവര്‍ട്ടണ്‍ സാന്റോസ് (മുംബൈ) തുടങ്ങി കഴിഞ്ഞ സീസണില്‍ മറ്റു ക്ലബ്ബുകള്‍ക്കു വേണ്ടി തിളങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇപ്പോള്‍ കോപ്പലിനൊപ്പമുണ്ട്.
പക്ഷേ, ടീം ഇതുവരെ ഒത്തിണക്കം കാട്ടിയിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന രണ്ടു കളിയിലും ഒരു പോയിന്റ് പോലും നേടാന്‍ പറ്റാത്ത ടീം ഗോളുമടിച്ചില്ല. ലെഫ്റ്റ് ബായ്ക് സെന റാറ്റ്‌ലെയ്ക്കു ചുവപ്പുകാര്‍ഡ് കിട്ടിയതു മിച്ചം. ആദ്യ രണ്ടു കളിയും തോറ്റ ചെന്നൈയിന്റെ കാര്യത്തിലും അമ്പരപ്പു ബാക്കി. നാലു പോയിന്റുമായി പട്ടികയില്‍ ഒന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയ്ക്കു മുട്ടുവിറയ്ക്കാതെയും വയ്യ. സ്വന്തം ഗ്രൗണ്ടിലാണു കളിയെന്ന ആനുകൂല്യം ബാക്കി.
Discussion about this post