കൊല്‍ക്കത്ത: കടുത്ത വിരാട് കോഹ്ലി ആരാധകനായ പ്രയാസ് റായ് ബര്മ്മന് ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഒരു സെല്‍ഫിയെങ്കിലും ഇന്ത്യന്‍ നായകനൊപ്പം എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മാത്രമാണ് പ്രയാസ് റായ് ഇത്രനാളും ആഗ്രഹിച്ചിരുന്നത്. എന്നാല്‍, പശ്ചിമ ബംഗാളുകാരനായ ഈ രഞ്ജി ക്രിക്കറ്റ് താരത്തിന് കോഹ്ലിക്ക് ഒപ്പം കളിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
പ്രയാസിന് കോഹ്ലിക്കൊപ്പം കളത്തിലിറങ്ങാന്‍ അവസരം ലഭിക്കുക ഐപിഎല്ലിന്റെ ഏറ്റവും പുതിയ സീസണിലായിരിക്കും. ഐപിഎല്‍ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് കോഹ്ലിയുടെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് പ്രയാസിനെ വാങ്ങിയത്.
രഞ്ജി ട്രോഫിയില്‍ ബംഗാള്‍ താരമാണ് പ്രയാസ്. വെറും 20 ലക്ഷം രൂപ മാത്രമായിരുന്നു ലെഗ് സ്പിന്നറായ പ്രയാസിന്റെ അടിസ്ഥാന വില. എന്നാല്‍ ലേലം മുറുകി ഒടുവില്‍ 1.5 കോടിക്ക് താരം ബംഗളൂരു ടീമില്‍ ചേരും. ഒപ്പം, ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയെന്ന ഖ്യാതിയും പ്രയാസിന് സ്വന്തം.
വിജയ് ഹസാരെ ട്രോഫിയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് പ്രയാസിനെ ബംഗളൂരു ടീമിലെത്തിച്ചത്. 2018-19 സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഈ ലെഗ് സ്പിന്നറാണ്. ഒമ്പത് മത്സരങ്ങളില്‍ 11 പേരെ പുറത്താക്കി. 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്താണ് ഏറ്റവും മികച്ച പ്രകടനം. 2018-ല്‍ ചെന്നൈയില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കാശ്മീരിനെതിരെയായിരുന്നു പ്രയാസിന്റെ അരങ്ങേറ്റം.
താരലേലത്തിനു മുന്‍പ് രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായി ട്രയല്‍സ് അറ്റന്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രയാസിനെ കാലം എത്തിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിലായിരുന്നു. ഇതോടെ, തന്റെ പ്രിയപ്പെട്ട താരത്തോടൊപ്പം കളിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ ലെഗ് സ്പിന്നര്‍.
‘കോഹ്ലിക്കൊപ്പം ഒരു സെല്‍ഫിയെടുക്കുക എന്നത് എന്റെ എന്നത്തേയും ആഗ്രഹമായിരുന്നു. ഇനി ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരേ ഡ്രെസിങ് റൂമും പങ്കിടും. അവിശ്വസനീയമാണിത്. കോഹ്ലിയേയും ഡിവില്ലേഴ്സിനേയും പോലുള്ള താരങ്ങള്‍ക്കൊപ്പം ഡ്രെസിങ് റൂം പങ്കിടുന്നതും പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം ഒരുപാട് പഠിക്കാനുള്ള അവസരമാണ്’. പ്രയാസ് പറയുന്നു.
ബംഗളൂരുവില്‍ എത്തുന്നതോടെ നഗരത്തില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന സഹോദരിക്കൊപ്പം സമയം ചെലവിടാനും സാധിക്കുമെന്ന സന്തോഷവും പ്രയാസ് മറച്ചുവെയ്ക്കുന്നില്ല.
Discussion about this post