ടി20 ലോകകപ്പ് താരമാകേണ്ടിയിരുന്നത് ബാബർ അസം; വാർണറെ തെരഞ്ഞെടുത്തതിന് എതിരെ അക്തർ

ദുബായ്: ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയ മുത്തമിട്ടതിന് പിന്നാലെ പാക് നായകൻ ബാബർ അസമിനെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ച് പാകിസ്താന്റെ ഇതിഹാസ പേസർ ശുഐബ് അക്തർ. പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരം ബാബർ അസം സ്വന്തമാക്കുമെന്നാണു താൻ കരുതിയിരുന്നതെന്ന് അക്തർ ട്വിറ്ററിൽ പ്രതികരിച്ചു.

ടൂർണമെന്റിൽ ഉടനീളം ബാബർ അസം പുറത്തെടുത്ത ബാറ്റിങ് മികവ് അസമിനെ തുണയ്ക്കുമെന്നാണു താൻ കരുതിയതെന്നും വാർണറെ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത് നീതിക്ക് നിരക്കാത്തതാണെന്നും അക്തർ പറഞ്ഞു.

‘പരമ്പരയുടെ താരമായി ബാബർ അസം തെരഞ്ഞെടുക്കപ്പെടുന്നതു കാണാനാണു കാത്തിരുന്നത്. അധികൃതരുടെ തീരുമാനം നീതിയുക്തമല്ലെന്ന് ഉറപ്പ്’- അക്തർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ട്വന്റി20 ലോകകപ്പിൽ പുറത്തെടുത്ത നായകത്വത്തിലും ബാറ്റർ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെച്ച ബാബർ അസം ഏറെ പ്രശംസ നേടിയിരുന്നു.

6 മത്സരങ്ങളിൽ 4 അർധ സെഞ്ചുറി അടക്കം 303 റൺസ് നേടിയ അസം തന്നെയാണ് പരമ്പരയിൽ ഏറ്റവും അധികം റൺസ് സ്വന്തമാക്കിയതും. 7 കളികളിൽ നേടിയ 289 റൺസോടെ പരമ്പരയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായ ഓസീസിന്റെ ഡേവിഡ് വാർണറെയാണ് പരമ്പരയുടെ താരമായി അധികൃതർ തെരഞ്ഞെടുത്തത്.

Exit mobile version