കാന്‍ബെറ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങളും വാക്സീന് എടുക്കണമെന്ന് വീണ്ടും അറിയിപ്പ്. മത്സരം നടക്കുന്ന വിക്ടോറിയ സംസ്ഥാനത്തിന്റെ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് ആണ് ഇത്തവണ ഇക്കാര്യം അറിയിച്ചത്. ഇതോടെ മത്സരത്തില്‍ നിന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് പിന്മാറിയേക്കുമെന്ന അഭ്യൂഹം
ശക്തമായി.
ജോക്കോവിച്ചിന് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നും നിയമം ഒരുപോലെ എല്ലാവര്ക്കും ബാധകമാണെന്നും ആന്‍ഡ്രൂസ് വ്യക്തമാക്കി. വാക്സീനെടുക്കാതെ യാതൊരു കാരണവശാലും ആരെയും മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
വാക്സിനേഷനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ജോക്കോവിച്ച്. വാക്സീനെടുക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ജോക്കോവിച്ച് വ്യക്തമാക്കിയിരുന്നു. താന്‍ വാക്സീനെതിരാണെന്നും യാത്രാ അനുമതിയ്ക്കായി ആരെങ്കിലും വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് തനിക്കിഷ്ടവുമല്ലെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
നിലവില്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ പേരിലുള്ളത്. ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പമാണ് ജോക്കോവിച്ചിന്റെ റെക്കോര്‍ഡ്. കഴിഞ്ഞ മൂന്ന് വര്‍ഷവും ജോക്കോവിച്ചിനായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ഇതുവരെ ഒമ്പത് തവണയാണ് ജോക്കോവിച്ച് കിരീടം നേടിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍.ഓപ്പണില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നുമാണ് ജോക്കോവിച്ച് അറിയിച്ചിരിക്കുന്നത്.
Discussion about this post