മുംബൈ: ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് താരം രാഹുൽ ദ്രാവിഡ്. ട്വന്റി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്.
പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ദ്രാവിഡ് നേരത്തെ നിരസിച്ചിരുന്നു. ഇതിനു മുമ്പേ 2016, 2017 വർഷങ്ങളിലും ബിസിസിഐ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ സമീപിച്ചിരുന്നു. അന്നും ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബാംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
Discussion about this post