ലാഹോർ: പാക് പര്യടനം റദ്ദാക്കിയ ന്യൂസിലാൻഡ് താരങ്ങളെ വിമർശിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് എതിരേയും രൂക്ഷവിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പണം മാത്രമാണ് ഓസ്‌ട്രേലിയൻ താരങ്ങളുടെ ലക്ഷ്യമെന്നാണ് റമീസ് പറയുന്നത്.
ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഓസീസ് താരങ്ങൾ ഒന്നു മയപ്പെടാറുണ്ട്. അറ്റാക്ക് ചെയ്്ത് കളിക്കാൻ ഓസീസ് താരങ്ങൾ ശ്രമിക്കാറില്ല. തങ്ങളുടെ ഐപിഎൽ കരാർ സംരക്ഷിക്കാൻ വേണ്ടിയാണ് ഓസീസ് താരങ്ങൾ അങ്ങനെ ചെയ്യുന്നത്. ഐപിഎൽ പണം മോഹിച്ച് സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ.
പണമാണ് അവരെ ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അവർ കാര്യമായിട്ടെടുക്കാറില്ല- റമീസ് രാജ വിമർശിക്കുന്നു. ഓസ്‌ട്രേലിയയുടെ മുതിർന്ന താരങ്ങളായ സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഹേസൽവുഡ് എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.
പാകിസ്താൻ പരമ്പരയിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡും പിന്മാറിയതിനെ വിമർശിച്ച റമീസ് രാജ ഇരുവരും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും കുറ്റപ്പെടുത്തി.
പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ന്യൂസിലാൻഡ് പോകുന്നത്. ഇംഗ്ലണ്ടും ന്യൂസിലാൻഡിന്റെ പാത പിന്തുടർന്നു. അവർ പാകിസ്താനോട് തെറ്റ് ചെയ്‌തെന്ന് റമീസ് പറഞ്ഞുനിർത്തി.