‘ഇതല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല’; ടോസിന് മിനിറ്റുകൾക്ക് മുൻപ് ന്യൂസിലാൻഡ് പാകിസ്താൻ പര്യടനം ഉപേക്ഷിച്ചതിന് പിന്നിൽ

റാവൽപിണ്ടി: ടോസിടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പാക്‌സിതാൻ പര്യടനം പൂർണമായും ഉപേക്ഷിച്ചെന്ന് ന്യൂസിലാൻഡ് ടീം അറിയിച്ചത് ക്രിക്കറ്റ് ആരാധകരേയും പാകിസ്താനേയും ഏറെ അമ്പരപ്പിച്ചിരിക്കുകയാണ്. പാകിസ്താനിൽ ന്യൂസിലാൻഡ് ടീമംഗങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പര്യടനം റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാൽ പാകിസ്താൻ പര്യടനം റദ്ദാക്കിയെന്ന് ഔദ്യോഗികമായി ന്യൂസിലാൻഡ് അറിയിച്ചു.

മൂന്ന് ഏകദിനവും അഞ്ച് ടിട്വന്റി മത്സരങ്ങളുമാണ് പര്യടനത്തിൽ നിശ്ചയിച്ചിരുന്നത്. റാവൽപിണ്ടിയിലും ലാഹോറിലുമായി ഒക്ടോബർ മൂന്ന് വരെയാണ് പരമ്പര നിശ്ചയിച്ചിരുന്നത്. സെപ്റ്റംബർ 11നാണ് ന്യൂസിലാൻഡ് ടീമംഗങ്ങൾ പാകിസ്താനിലെത്തിയത്.

റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരത്തിന് ടോസിടുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ഏറെ നാടകീയമായി പര്യടനം പൂർണമായും ഉപേക്ഷിച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ന്യൂസിലൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാൽ 18 വർഷത്തോളമായി പാക്‌സിതാനിലെ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ന്യൂസിലാൻഡ്. ഇതിനുശേഷം നിശ്ചയിച്ച ആദ്യ പര്യടനമാണ് ഉപേക്ഷിച്ചത്. ന്യൂസിലൻഡ് താരങ്ങൾ എത്രയും വേഗം പാകിസ്താൻ വിടുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

‘പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നു. മികച്ച രീതിയിലാണ് പാകിസ്താൻ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്. പക്ഷേ താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാൽ പരമ്പരയിൽ നിന്ന് പിൻമാറുക മാത്രമാണ് ഏകവഴി’- ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

2002ൽ ന്യൂസിലൻഡ് ടീം പാകിസ്താനിൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. തുടർന്ന് ന്യൂസിലാൻഡ് ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടടുത്ത വർഷം അഞ്ച് ഏകദിനങ്ങൾക്കായി പാകിസ്താനിലേക്ക് പുറപ്പെടാനൊരുങ്ങിയെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ന്യൂസിലാൻഡ് ടീം പാകിസ്താനിലേക്ക് വന്നിരുന്നില്ല.

Exit mobile version