ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം ചൂടി റഷ്യൻ താരം ഡാനിൽ മെദ്‌വദേവ്. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം സ്വപ്‌നങ്ങൾ തകർത്താണ് മെദ്‌വദേവിന്റെ കന്നി കിരീട നേട്ടം. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റഷ്യൻ താരത്തിന്റെ വിജയം. സ്‌കോർ: 6-4, 6-4, 6-4.
വർഷത്തെ നാല് മേജർ കിരീടങ്ങളും നേടി കലണ്ടർ സ്ലാം തികക്കുന്ന മൂന്നാമത്തെ പുരുഷ താരമാകാനുള്ള ജോക്കോവിച്ചിന്റെ മോഹമാണ് പൊലിഞ്ഞത്. ഇതോടൊപ്പം തന്നെ 21ാം കിരീടവുമായി റോജർ ഫെഡററിനെയും റാഫേൽ നദാലിനെയും മറികടക്കാനുമാകുമായിരുന്നു.
2019 യുഎസ് ഓപ്പൺ റണ്ണറപ്പായ മെദ്‌വദേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടമാണിത്. മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് റഷ്യൻ താരം ആദ്യ കിരീടം ചൂടിയത്. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യുഎസ് ഓപ്പൺ ജേതാവാകുന്നത്. 52 വർഷങ്ങൾക്ക് മുമ്പ് റോഡ് ലാവറാണ് യുഎസ് ഓപൺ, ഫ്രഞ്ച് ഓപൺ, ആസ്‌ട്രേലിയൻ ഓപൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കി കലണ്ടർ സ്ലാം തികച്ച അവസാന താരം.
Discussion about this post