ബ്യൂണസ് ഐറിസ് : ബോളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഹാട്രിക് നേട്ടത്തോടെ ഫുട്ബോള്‍ ഇതിഹാസെ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ലയണല്‍ മെസ്സി.
രാജ്യാന്തര കരിയറില്‍ പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് മെസ്സി മറികടന്നത്. രാജ്യാന്തര കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ദക്ഷിണ അമേരിക്കന്‍ താരമെന്ന നേട്ടവും ഇതോടെ പെലെയെ മറികടന്ന് മെസ്സി സ്വന്തമാക്കി. 14ാം മിനിറ്റിലെ ഗോളില്‍ പെലെയുടെ നേട്ടത്തിനൊപ്പമെത്തിയ മെസ്സി 64ാം മിനിറ്റിലെ ഗോളില്‍ അദ്ദേഹത്തെ മറികടന്നു. പിന്നീട് 87ാം മിനിറ്റില്‍ ഹാട്രിക് തികച്ച മെസ്സി 153 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് തന്റെ ഗോള്‍ നേട്ടം 79 ആക്കി.
മെസ്സിയുടെ ഹാട്രിക് മികവില്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി മെസ്സിയുടെ ഏഴാം ഹാട്രിക്കാണിത്.രാജ്യാന്തര ഫുട്ബോളിലെ ഗോള്‍ നേട്ടത്തില്‍ നിലവില്‍ ആറാം സ്ഥാനത്താണ് മെസ്സി. 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകളോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാമത്.
Discussion about this post