ടോക്യോ: ടോക്യോ പാരാലിമ്പിക്‌സ് 2020ലെ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ (64.35 മീറ്റർ) വെള്ളിയും സുന്ദർ സിങ് ഗുർജ്ജാർ (64.01 മീറ്റർ)വെങ്കലവും നേടി. 67.79 മീറ്റർ ദൂരം എറിഞ്ഞ ശ്രീലങ്കയുടെ ഹെറാത് മുടിയനസെലഗേയാണ് സ്വർണം നേടിയത്.
ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ അജിത് സിങ്ങ് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജാവലിനിലെ ഇരട്ട മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ ടോക്യോയിലെ ആകെ നേട്ടം ആറ് മെഡൽ ആയി.
നേരത്തെ, പത്ത് മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖ്ര ഷൂട്ടിങ്ങിൽ സ്വർണം നേടിയിരുന്നു. ലോക റെക്കോഡോടെയാണ് താരം സ്വർണമെഡൽ നേടിയത്. വെള്ളി മെഡൽ നേടിയ ദേവേന്ദ്ര ജജാരിയയുടെ മൂന്നാം പാരാലിമ്പിക്‌സ് മെഡലാണ് ഇന്നത്തെ വെള്ളി. 2004ൽ ഏതൻസിലും 2016ൽ റിയോയിലും താരം സ്വർണം നേടിയിരുന്നു.
Discussion about this post