ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകളുള്ള പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തു. ഒളിമ്പിക് വില്ലേജിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അച്ചടക്കം ലംഘിച്ചതിനാണ് താരത്തെ ഫെഡറേഷനിൽ നിന്നു സസ്‌പെൻഡ് ചെയ്തത്. ഇക്കാലയളവിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര മത്സരങ്ങളിലോ, രാജ്യത്തെ മറ്റ് ആഭ്യന്തര മത്സരങ്ങളിലോ വിനേഷിന് പങ്കെടുക്കാനാകില്ല. സംഭവത്തിൽ താരത്തിന് മറുപടി നൽകുവാൻ ഓഗസ്റ്റ് 16 വരെ സമയം നൽകിയിട്ടുണ്ട്.
ഗെയിംസ് വില്ലേജിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം താമസിക്കാനാണ് വിനേഷ് ഫോഗട്ട് വിസമ്മതിച്ചത്. ടോക്യോയിൽ ഗെയിംസ് വില്ലേജിൽ ഇന്ത്യൻ ഒളിമ്പിക് സംഘത്തിന് എല്ലാം ഒരുമിച്ചാണ് താമസസൗകര്യം ക്രമീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് എത്തിയവർക്കൊപ്പം താമസിക്കാനാകില്ലെന്നും തനിക്ക് കോവിഡ് പകരുമെന്നും താരം വാശിപിടിച്ചിരുന്നു.
ഒളിമ്പിക്‌സിനുള്ള തയാറെടുപ്പിനായി ഏറെക്കാലമായി വിദേശത്തായിരുന്ന വിനേഷ് ഹംഗറിയിൽ നിന്നാണ് ടോക്യോയിൽ എത്തിയത്. കോച്ച് വോളോർ അക്കോസിനോടൊത്ത് പരിശീലനം നടത്തിയ താരം ഗെയിംസ് വില്ലേജിൽ താമസിക്കാനും മറ്റ് ഇന്ത്യൻ താരങ്ങളുടെ കൂടെയുള്ള പരിശീലനം നടത്താനും വിസമ്മതിച്ചു. കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക ജഴ്‌സി സ്‌പോൺസറായ ശിവ് നരേശിന്റെ ജഴ്‌സി ഇടാനും താരം കൂട്ടാക്കില്ല. മത്സരത്തിൽ നൈക്കിന്റെ ജഴ്‌സി അണിഞ്ഞാണ് വിനേഷ് മത്സരത്തിനിറങ്ങിയത്. ഒളിംപിക്‌സിൽ ഏറെ മെഡൽ പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും താരം ആദ്യറൗണ്ടിൽ തന്നെ പുറത്തായിരുന്നു.
വിനേഷിനു പുറമേ തന്റെ പാസ്‌പോർട്ട് കൈപ്പറ്റി തന്നെ ഏൽപ്പിക്കണമെന്ന് സായ് ഒഫീഷ്യലുകളെ നിർബന്ധിച്ചതിന് യുവതാരം സോനം മാലിക്കിനെതിരെയും ഫെഡറേഷൻ നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.