ഇസ്ലാമാബാദ്: പാകിസ്താനിലുള്ള ന്യൂസിലാൻഡ് പര്യടനത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഏഴ് ന്യൂസിലാൻഡ് താരങ്ങളുടെ പ്രവർത്തിയെ വിമർശിച്ച് പാകിസ്താൻ മുൻതാരങ്ങളായ ഇൻസമാം ഉൾഹഖും സൽമാൻ ഭട്ടും. 18 വർഷത്തിന് ശേഷമാണ് ന്യൂസിലാൻഡ് താരങ്ങൾ പാകിസ്താനിലേക്ക് മത്സരത്തിനായി എത്തുന്നത്.
പാകിസ്താൻ ഒന്നാം നിര താരങ്ങളെ കളത്തിലിറക്കുമ്പോൾ ന്യൂസിലാൻഡാകട്ടെ ട്വന്റി-ട്വന്റി ലോകകപ്പ് സ്ക്വാഡിലുള്ള എഴ് താരങ്ങളെ ഐപിഎല്ലിൽ കളിക്കാനായി റിലീസ് ചെയ്തിരിക്കുകയാണ്. നായകൻ കെയ്ൻ വില്യംസൺ അടക്കം ഏഴു താരങ്ങളാണ് യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാനായി പോകുന്നത്.
കളിക്കാർ അന്താരാഷ്ട്ര മത്സരങ്ങളേക്കാൾ സ്വകാര്യ ലീഗുകൾക്ക് പ്രാധാന്യം കൊടുക്കുകയാണെന്നും ഐസിസി എന്താണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്നുമാണ് ഇൻസമാം ചോദ്യം ചെയ്യുന്നത്.
‘പാകിസ്താൻ എവിടെ കളിക്കാൻ പോയാലും പ്രധാന ടീമിനെതിരെ കളിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ചെന്നപ്പോൾ താരങ്ങളെ അവർ ഐപിഎൽ കളിക്കാൻ വിട്ടു. ഐപിഎല്ലിനായി എട്ടു ന്യൂസിലാൻഡ് കളിക്കാരാണ് വരാൻ പോകുന്ന പരമ്പരയിൽ നിന്ന് പിൻമാറിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ ടീം ക്യാമ്പിൽ കോവിഡ് പടർന്നു പിടിക്കുകയും ചെയ്തിരുന്നു’ തന്റെ യൂട്യൂബ് ചാനലിലൂടെ ഇൻസമാം പറഞ്ഞു.
‘ഐപിഎല്ലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗെന്ന് എല്ലാവർക്കുമറിയാം. പാക് താരങ്ങൾ ഒഴികെ മറ്റെല്ലാവരും അതിൽ കളിക്കാൻ താൽപര്യപ്പെടും. മേജർ ടീമുകളൊന്നും ഐപിഎൽ കാലത്ത് പരമ്പര വെക്കില്ല. ഇപ്പോൾ ഐപിഎൽ സമയത്ത് പാകിസ്താനെതിരെ ന്യൂസിലാൻഡ് കളിക്കാനെരുങ്ങുമ്പോൾ എട്ട് താരങ്ങൾ പരമ്പരയിൽ നിന്ന് പുറത്തായി. ബിസിസിഐക്കാണ് അധികാരം, അവരാണിപ്പോൾ ക്രിക്കറ്റ് ഭരിക്കുന്നത്’ -സൽമാൻ ഭട്ട് വിമർശിച്ചു.
Discussion about this post