രണ്ട് പതിറ്റാണ്ടുനീണ്ട ബാഴ്സലോണയുമായുള്ള ആത്മബന്ധത്തിനോട് വിട പറഞ്ഞ
ഇതിഹാസ ഫുട്ബോളര് ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം.
മെസി തിങ്കളാഴ്ച തന്നെ പിഎസ്ജിയില്‍ മെഡിക്കലിനെത്തുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാവുന്ന രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഫ്രഞ്ച് ക്ലബുമായി ഒപ്പിടുക എന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
ഞായറാഴ്ചയാണ് മെസി ക്ലബ് വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ബാഴ്സലോന പ്രസിഡന്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ സദസ്സില്‍ മെസി പലതവണ വിങ്ങിപ്പൊട്ടി. ബാഴ്സയില്‍ തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മെസി പറഞ്ഞു.
കരഞ്ഞുകൊണ്ടാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം മെസി എത്തിയത്. സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സദസ്സില്‍ കാത്തിരിക്കുന്നു. മുന്നില്‍ കൂടിയിരിക്കുന്നവരെ കണ്ട് മെസി വിങ്ങിപ്പൊട്ടി. എത്ര ശ്രമിച്ചിട്ടും കരച്ചില് മാറുന്നില്ലെന്ന് കണ്ട ഇതിഹാസ താരം മുന്‍നിരയിലുണ്ടായിരുന്ന ഭാര്യയില്‍ നിന്ന് തൂവാല വാങ്ങി മുഖവും കണ്ണുകളും തുടച്ചു. വീണ്ടും കുറേ സമയത്തിനു ശേഷമാണ് മെസിക്ക് കരച്ചില് നിയന്ത്രിച്ച് പ്രസംഗം തുടങ്ങാനായത്.
സാമ്പത്തിക, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാര്‍ത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ാം വയസ്സില്‍ ബാഴ്സലോണയുമായി കരാര്‍ ഒപ്പിട്ട താരം 22 വര്‍ഷങ്ങള്‍ ക്ലബില്‍ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.
അഞ്ച് വര്‍ഷത്തെ കരാര്‍ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പര്‍ താരം ഇനി ക്ലബില്‍ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അതില്‍ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡന്റ് തെബാസ് വ്യക്തമാക്കിയിരുന്നു.
ക്ലബിലേക്ക് പുതുതായി സൈന്‍ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നില്‍ നില്‍ക്കവേയാണ് വേതനം കുറച്ച് മെസി കരാര്‍ അംഗീകരിക്കുന്നത്. എന്നാല്‍, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളില്‍ കുടുങ്ങി മെസിയും ക്ലബും വേര്‍പിരിയുകയായിരുന്നു.
Discussion about this post