നൗകാംപ്: ബാഴ്സലോണയുടെ ജഴ്സിയില്‍ ഇനി ഇതിഹാസ താരം ലയണല്‍ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപില്‍ ഇന്ത്യന്‍ സമയം 3.30ന് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്സ ആരാധകരോട് വിട ചൊല്ലിയത്. ബാഴ്സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു.
വര്‍ഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതല്‍ എന്റെ ജീവിതം മുഴുവന്‍ ഇവിടെത്തന്നെയായിരുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്, സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്-മെസ്സി പറഞ്ഞു.
എന്നെ ഞാനാക്കിയത് ബാഴ്സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനിഷ്ടപ്പെടുന്നു. ഒന്നര വര്‍ഷത്തോളം ആരാധകരെ കാണാനായിരുന്നില്ല. ഏറെ പ്രയാസകരമായിരുന്നു അത്. ആരാധകര്‍ കാണിച്ച സ്നേഹത്തിനെല്ലാം നന്ദി-കണ്ണീരോടെ താരം പങ്കുവച്ചു.
കഴിഞ്ഞ വര്‍ഷം ക്ലബ് വിടാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോള്‍ അതു തീരുമാനിച്ചുറച്ചു തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. കുടുംബത്തോടൊപ്പം ക്ലബിലും ഈ നഗരത്തിലും തുടരാനുറപ്പിച്ചതായിരുന്നു ഈ വര്‍ഷം. അതു തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും. എന്നാല്‍ ഇന്നെനിക്ക് വിടപറയേണ്ടതുണ്ട്-താരം കൂട്ടിച്ചേര്‍ത്തു.
എന്താണ് പറയേണ്ടതെന്ന് ഞാന്‍ ചിന്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, എനിക്കൊന്നും ചിന്തിക്കാനായില്ല.”- മെസി പറഞ്ഞുതുടങ്ങി. ”ഇവിടെത്തന്നെ തുടരാനാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇങ്ങനെ ക്ലബ് വിടേണ്ടിവരുമെന്ന് കരുതിയില്ല. എല്ലാവരോടും നന്ദി പറയുകയാണ്. ആരാധകരെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു. ഇങ്ങനെ ഒരു ദിവസം അവര്‍ ഒപ്പമുണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”- വീണ്ടും മെസിയുടെ കണ്ണുകള്‍ നിറഞ്ഞു. സദസ്സിലുണ്ടായിരുന്നവര്‍ എഴുന്നേറ്റുനിന്ന് ഇതിഹാസതാരത്തിനു കയ്യടിച്ചു. മെസി വീണ്ടും കരഞ്ഞു. വെള്ളം കുടിച്ചു. തൂവാല കൊണ്ട് മുഖം തുടച്ചു.
”ഇവിടെത്തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായിരുന്നു. പക്ഷേ, ലാ ലിഗ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ എല്ലാം മാറ്റിമറിച്ചു. എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. എനിക്ക് ഇവിടെ തുടരണമായിരുന്നു. പക്ഷേ, സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഞാന്‍ ക്ലബ് വിടണമെന്ന് ആഗ്രഹിച്ചു. അതിനു സാധിച്ചില്ല. ഇക്കൊല്ലം ക്ലബില്‍ തുടരണമെന്നാഗ്രഹിച്ചു. അതിനും സാധിച്ചില്ല.”- മെസി തുടര്‍ന്നു.
”പിഎസ്ജി ഒരു സാധ്യതയാണ്. പക്ഷേ, നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ട്. ബാഴ്‌സലോണ വിടുകയാണെന്ന യാഥാര്‍ത്ഥ്യത്തോട് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. പക്ഷേ, അത് അംഗീകരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്.”- മെസി പറഞ്ഞു.
താന്‍ ക്ലബിനായി അരങ്ങേറിയ മുഹൂര്‍ത്തമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് മെസി കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ കൂടുതല്‍ പണം ചോദിച്ചു എന്ന വാര്‍ത്തകള്‍ വ്യാജമാണ്. ക്ലബ് വിടേണ്ടിവരുമെന്നറിഞ്ഞപ്പോള്‍ എന്റെ രക്തം തണുത്തുപോയി. ഞാന്‍ വളരെ ദുഖിതനായിരുന്നു. ഇപ്പോഴും എനിക്ക് പൂര്‍ണമായി ഇത് ഉള്‍ക്കൊള്ളാനായിട്ടില്ല. വീട്ടിലെത്തിയാലും ഞാന്‍ ദു:ഖിതനായിരിക്കും. ചിലപ്പോള്‍ കൂടുതല്‍ ദു:ഖിതനായിരിക്കും.”- മെസി പ്രസംഗം പൂര്‍ത്തിയാക്കി.
കോവിഡ് മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കി കുറയ്ക്കാനായിരുന്നു ക്ലബ്ബ് തീരുമാനം. പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായുള്ള അവസാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസിയുടെ പടിയിറക്കം