ചെന്നൈ: ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ ഒളിംപിക്‌സിലെ മെഡൽ വരൾച്ചയ്ക്ക് സ്വർണം കൊണ്ട് അവസാനം കുറിച്ച നീരജ് ചോപ്രയ്ക്ക് സമ്മാനപ്രവാഹം. ഹരിയാന സർക്കാരിന്റെ ആറ് കോടി രൂപയുടെ സമ്മാനത്തിന് പുറമെ ബിസിസിഐയും ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്.
നീരജ് ചോപ്ര ഒളിംപിക്‌സിൽ എറിഞ്ഞിട്ട 87.58 മീറ്റർ ദൂരത്തിന്റെ സ്മരണക്കായി ‘8758’ നമ്പറിൽ പ്രത്യേക ജഴ്‌സിയും സൂപ്പർ കിങ്‌സ് പുറത്തിറക്കും. ”നീരജ് ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാണ്. ഏത് കായിക ഇനത്തിലും ഇന്ത്യക്കാർക്ക് ഉയരത്തിൽ എത്താമെന്ന ആത്മവിശ്വാസമാണ് നീരജ് പകർന്നിരിക്കുന്നത്”-സിഎസ്‌കെ വക്താവ് പ്രതികരിച്ചു.
നീരജിന് പുറമേ വെള്ളി മെഡൽ ജേതാക്കളായ മീരാഭായ് ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നീരജ് ചോപ്രക്ക് നീരജിന്റെ സ്വർണനേട്ടത്തിന് പിന്നാലെ തന്നെ ആറുകോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു.