ടോക്യോ: മെഡൽ പ്രതീക്ഷകളുമായി ജാവലിൻ ത്രോ മത്സരത്തിനിറങ്ങിയ പാകിസ്താന്റെ അർഷാദ് നദീമിന് ഫൈനലിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും സൈബർ ലോകത്ത് അദ്ദേഹം താരമാവുകയാണ്. ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അതിർത്തികളുടെ വേർതിരിവുകളില്ലാതെ ഹൃദയംകൊണ്ട് അഭിവാദ്യം ചെയ്താണ് അർഷാദ് താരമായത്.
നീരജ് ചോപ്രയ്‌ക്കൊപ്പം മെഡൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന താരമായിരുന്നു പാകിസ്താൻ താരം അർഷാദ് നദീം. ഇരുവരും അന്താരാഷ്ട്രവേദികളിൽ ഒപ്പത്തിനൊപ്പം മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ഒളിംപിക് യോഗ്യതാ റൗണ്ടിൽ നദീം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തതും. എന്നാൽ ഫൈനൽ റൗണ്ടിൽ നീരജ് മറ്റ് താരങ്ങളെ നിഷ്പ്രഭരാക്കി ചരിത്രത്തിലേക്ക് ജാവലിൻ പായിച്ചപ്പോൾ നദീമിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
തന്റെ രാജ്യത്തിന് നിരാശ നൽകിയ പ്രകടനമാണ് കാഴ്ചവെയ്ക്കാനായത് എങ്കിലും മനസുതൊട്ടുകൊണ്ട് നീരജ് ചോപ്രയെ അഭിനന്ദിച്ചിരിക്കുകയാണ് പാക് താരം. ട്വീറ്റിലൂടെയായിരുന്നു നദീമിന്റെ അഭിനന്ദനം.’ സ്വർണം നേടിയതിൽ നീരജിന് അഭിനന്ദനം. എനിക്ക് മെഡൽ നേടാൻ കഴിയാത്തതിൽ പാക് ജനതയോട് ഞാൻ മാപ്പ് ചോദിക്കുന്നു.’-എന്നാണ് ആർഷാദ് നദീം ട്വീറ്റ് ചെയ്തത്.
87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് സ്വർണം അണിഞ്ഞത്. നദീം 84.62 മീറ്ററാണ് ജാവലിൻ പായിച്ചത്. ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് തന്നെയാണ്.
Congratulations to #NeerajChopra for winning 🥇 #JavelinThrow competition in #TokyoOlympics
— Arshad Nadeem 🇵🇰 (@ArshadNadeemPak) August 7, 2021