ടോക്യോ : തുടര്‍ച്ചയായ പിന്മാറ്റങ്ങള്ക്ക് ശേഷമുള്ള അവസാന മത്സരത്തില്‍ വെങ്കല മെഡല്‍ നേടി അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സ്. ബാലന്‍സ് ബീമില്‍ മൂന്നാമതെത്തിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.
നേരത്തേ മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ഒളിംപിക്സിലെ അഞ്ച് ഫൈനലുകളില്‍ നിന്ന് താരം പിന്മാറിയിരുന്നു.തന്റെ പിന്മാറ്റം മാനസികാരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ബൈല്‍സ് പ്രതികരിച്ചു. “മത്സരത്തിനിറങ്ങുക എന്നത് കടുപ്പമേറിയ തീരുമാനമായിരുന്നു. സ്റ്റാന്റില്‍ കാഴ്ചക്കാരിയായി നില്ക്കാന് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവസാന മത്സരം കൈവിടാന്‍ തോന്നിയില്ല. വികാരമുള്ള മനുഷ്യരാണ് ഞങ്ങളും.” താരം പറഞ്ഞു.
ഈ ഇനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. ഗാന് ചെന്‍ചെന്‍ സ്വര്‍ണവും ടാങ് സിങ് വെള്ളിയും നേടി. ടോക്ക്യോയിലെ ബൈല്‍സിന്റെ രണ്ടാം മെഡലാണിത്. നേരത്തെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമിനത്തില്‍ ബൈല്‍സ് വെള്ളി നേടിയിരുന്നു.അഞ്ച് സ്വര്‍ണ മെഡലുകള്‍ പ്രതീക്ഷിച്ചാണ് സിമോണ്‍ ടോക്യോ ഒളിമ്പിക്സിനെത്തിയത്. അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഒരു ടീം ഇനത്തിലും ഫൈനലിലെത്തുകയും ചെയ്തു. എന്നാല്‍ മാനസികസമ്മര്‍ദം താരത്തെ തളര്‍ത്തുകയായിരുന്നു. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലില്‍ നിന്നാണ് താരം ആദ്യം പിന്മാറിയത്. ഇതോടെ അമേരിക്കയെ പിന്തള്ളി റഷ്യന്‍ വനിതകള്‍ സ്വര്‍ണം നേടി.
റിയോ ഒളിംപിക്സില്‍ നാല് സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് ബൈല്‍സ്. തികച്ചും അപ്രതീക്ഷിതമായായിരുന്നു ചൊവ്വാഴ്ച ടീം ഫൈനലിനിടെയുള്ള ബൈല്‍സിന്റെ പിന്മാറ്റം. മറ്റൊരു മത്സരത്തിലും നേരിട്ടിട്ടില്ലാത്തത്ര മാനസികസമ്മര്‍ദ്ദമാണ് നേരിടുന്നതെന്നും വെറുമൊരു മത്സരമായി കണക്കാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നുമായിരുന്നു ബൈല്‍സ് അറിയിച്ചത്. മത്സരം ബാക്കി ടീം അംഗങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നുവെന്നും സ്വന്തം കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ സമയമായെന്നും താരം പറഞ്ഞിരുന്നു.
Discussion about this post