ടോക്യോ: മാനവലോകത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന ലോകകായിക മാമാങ്കമായ ഒളിംപിക്‌സിലെ ഖത്തർ താരത്തിന്റെ നന്മ നിറഞ്ഞ ഈ പ്രവർത്തി ടോക്യോ ഒളിംപിക്‌സിന്റെ മാറ്റ് കൂട്ടുമെന്ന് തീർച്ച. എക്കാലത്തും ഓർത്തിവെയ്ക്കാനും മനുഷ്യ നന്മയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് ഭാവി തലമുറയോട് ഉറക്കെ പറയാനും ഈ സംഭവം ഒരു ഉദാഹരണമായി എന്നും നിലനിൽക്കും. ഗ്ലാമർ ഇനങ്ങളിലൊന്നായ ഹൈജംപിൽ സ്വർണം ഒറ്റയ്ക്ക് മാറോട് ചേർക്കാൻ അവസരം കൈവന്നിട്ടും അതുവേണ്ടെന്ന് വെച്ച് പങ്കുവെയ്ക്കലാണ് സന്തോഷമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുകയാണ് ഖത്തറിന്റെ താരം മുതസ് ഈസ ബർഷിം.
ഒപ്പത്തിന് ഒപ്പം നിന്ന് ഒരിഞ്ചു വിടാതെ പോരാടുകയായിരുന്ന ഇറ്റലിതാരത്തിനൊപ്പം സ്വർണമെഡൽ പങ്കുവെച്ചിരിക്കുകയാണ് ബർഷിം. ഞായറാഴ്ച നടന്ന ഹൈജംപ് ഫൈനലിൽ ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും ഖത്തറിന്റെ ബർഷിമും കടുത്ത പോരാട്ടം കാഴ്ചവെയ്ക്കുകയായിരുന്നു. 2.37 മീറ്റർ ദൂരം ഇരുവരും പിന്നിട്ടു. അതുകഴിഞ്ഞ് 2.39 ചാടിക്കടക്കാനായി ഇവരുടെ ശ്രമം. മൂന്ന് ശ്രമങ്ങളും ജയം കണ്ടില്ല. ഇനി അവശേഷിക്കുന്നത് വിജയിയെ തീരുമാനിക്കുന്ന അവസാന ചാട്ടം. ആ സമയത്താണ് ഇറ്റാലിയൻ താരം കാലിൽ പരിക്കേറ്റ് വേദന കൊണ്ട് പുളഞ്ഞത്.
ഇരുവരെയും വിളിച്ച് അടുത്ത ചാട്ടത്തിന് തയ്യാറാകാൻ റഫറി അറിയിക്കുകയും ചെയ്തു. ഇറ്റലി താരം പിന്മാറിയാലും ബർഷിമിന് വീണ്ടും അവസരവുമുണ്ട് പ്രകടനം മെച്ചപ്പെടുത്തിയാൽ സ്വർണമണിഞ്ഞ് നാട്ടിലേക്ക് തിരിക്കുകയും ചെയ്യാം. എന്നാൽ സകലരേയും ഞെട്ടിച്ചുകൊണ്ട് ബർഷിം റഫറിയോട് ചോദിച്ചത ”ആ സ്വർണം ഞങ്ങൾക്ക് പങ്കിട്ടുകൂടെ’ എന്നായിരുന്നു. വലിയ കൂടിയാലോചനകൾ ഒന്നുമില്ലാതെ തന്നെ റഫറി അങ്ങനെയാകാം എന്ന് മറുപടി നൽകിയതോടെ മൈതാനത്ത് അരങ്ങേറിയത് എക്കാലത്തും ഓർത്തുവെയ്ക്കാവുന്ന മനോഹര നിമിഷങ്ങൾ.
ടംബേരി ട്രാക്കിനെ പുൽകികൊണ്ട് പൊട്ടിക്കരയുമ്പോൾ ബർഷിം തന്റെ ടീമംഗങ്ങളുടെയും കോച്ചിന്റെയും അഭിനന്ദനം ഏറ്റുവാങ്ങുകയായിരുന്നു. വൈകാതെ തത്കാലം വേദന മറന്ന ടംബേരി തനിക്ക് സ്വർണം സമ്മാനിച്ച ബർഷിമിനൊപ്പം ആഹ്ലാദ നൃത്തം ചവിട്ടി. ഇരുവരും മൈതാനത്തെ അഭിസംബോധന ചെയ്തു.
‘ഞാൻ അവനെ നോക്കുന്നു. അവൻ എന്നെയും. ആ നോട്ടംമതി ഞങ്ങൾക്ക് എല്ലാം അറിയാം. അത്രക്കേ വേണ്ടിയിരുന്നുള്ളൂ. തീരുമാനവുമായി. കൂടുതൽ ആവശ്യമില്ല”- എന്നായിരുന്നു ബർഷിം തന്റെ സ്വർണം പങ്കിടലിനെ കുറിച്ച് പ്രതികരിച്ചത്. സോഷ്യൽമീഡിയയിലടക്കം ഇരുതാരങ്ങളും അവരുടെ സൗഹൃദവുമാണ് ഇപ്പോൾ ചർച്ച.
Discussion about this post