കഴിഞ്ഞ മത്സരത്തിലെ വിജയം സമ്മാനിച്ചത് തലയിൽ ഏഴോളം സ്റ്റിച്ച്; എന്നിട്ടും മത്സരത്തിനിറങ്ങി സതീഷ് കുമാർ; ക്വാർട്ടറിൽ പരാജയം

ടോക്യോ: ഒളിംപിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യമായി സൂപ്പർ ഹെവിവെയ്റ്റ് ബോക്‌സിങിന് റിങിലെത്തിയ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ബോക്‌സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു സതീഷ്.

നിലവിലെ ലോക ചാമ്പ്യനും ഏഷ്യൻ ചാമ്പ്യനുമായ ഉസ്‌ബെക്കിസ്താന്റെ ബഖോദിർ ജലോലോവിനോട് 5-0 എന്ന സ്‌കോറിനാണ് സതീഷ് കുമാർ പരാജയമടഞ്ഞത്. ഒളിംപിക്‌സിൽ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പർ ഹെവിവെയ്റ്റ് ബോക്‌സറായ സതീഷിന് കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകൾ ഇട്ടിരുന്നു.

പരിക്കുകളുടെ വേദന കടിച്ചമർത്തിയാണ് സതീഷ് ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്. നേരത്തെ താരം മത്സരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഞായറാഴ്ച മെഡിക്കൽ ക്ലിയറൻസ് കിട്ടിയതോടെ മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു.

Exit mobile version