ദുബായ്: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ പിന്തുടര്ന്ന് പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയതില് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐസിസിക്ക് മുന്നിലെത്തിയ പാകിസ്താന് കനത്തപ്രഹരം. ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി ഐസിസി തള്ളിയെന്ന് മാത്രമല്ല നിയമനടപടികള്‍ക്കായി ചെലവായ തുക കൂടി പിസിബി ബിസിസിഐയ്ക്ക് നല്‍കണമെന്നും ഐസിസി ഉത്തരവിട്ടിരിക്കുകയാണ്.
കേസ് നടത്താനായി ചെലവാക്കിയ കോടതിച്ചെലവ് കാണിച്ച് ബിസിസിഐ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ട തുകയുടെ അറുപത് ശതമാനം പാകിസ്താന് നല്‍കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍, പരമ്പര നടത്താമെന്നുള്ള ധാരണയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് കാണിച്ചാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.
ബിസിസിഐയില്‍ നിന്ന് 70 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു ഹര്‍ജി. ഇതോടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം ഐസിസി പാകിസ്താന്റെ ഹര്‍ജി കഴിഞ്ഞ നവംബറില്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെ ബിസിസിഐ നിയമനടപടികള്‍ക്കായി ചെലവായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയെ സമീപിച്ചത്.
Discussion about this post