ടോക്യോ : ഒളിംപിക്‌സിന് തിരി തെളിയാന്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കേ ഒളിംപിക് വില്ലേജില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. വിദേശത്ത് നിന്നെത്തിയ സംഘാടകരിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇയാളെ ഗെയിംസ് വില്ലേജില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഇത് ആരാണെന്നും ഏത് രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗെയിംസ് വില്ലേജിലെ ആദ്യ കോവിഡ് കേസാണിതെന്നും ടോക്യോ ഒളിംപിക്‌സ് വക്താവ് മാസാ തക്കായ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ജൂലൈ 23നാണ് ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടനചടങ്ങ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഒരു വര്‍ഷത്തോളം താമസമെടുത്താണ് ഈ മാസം ഒളിംപിക്‌സ് നടത്തുന്നത്. ജപ്പാനിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മത്സരം നിര്‍ത്തലാക്കാന്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും മത്സരം നടത്തിയേ തീരു എന്ന വാശിയിലാണ് അധികൃതര്‍.
Discussion about this post