ടോക്കിയോ : കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്സില്‍ നിന്ന് കാണികളെ പൂര്‍ണമായി വിലക്കാന്‍ നീക്കം. വ്യാഴാഴ്ച നടന്ന സമ്മേളനത്തില്‍ ഒളിംപിക്സ് മന്ത്രി ടമായോ മറുകാവാ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
കാണികളെ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമായ നടപടിയാണെന്നും ഒളിംപിക്സ് വേദിക്ക് സമീപത്തെ പ്രദേശവാസികളോടും ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും ടോക്യോ ഒളിംപിക്സ് 2020ന്റെ പ്രസിഡന്റ് സെയ്കോ ഹഷിമോട്ടോ പറഞ്ഞു.കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ബാറുകളും റസ്റ്ററന്റുകളും രാത്രി 8 മണിക്ക് മുമ്പ് അടയ്ക്കണം.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിംപിക്സ്. പാരാ ഒളിംപിക്സ് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും. ജപ്പാനില്‍ കോവിഡ് രൂക്ഷമായതിനാല്‍ ഒളിംപിക്സ് മാറ്റി വെക്കണമെന്ന് പല തവണ ആവശ്യമുയര്‍ന്നെങ്കിലും പരിമിതമായ സാഹചര്യത്തിലും മത്സരം നടത്തണമെന്ന തീരുമാനവുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. ജൂണില്‍ പ്രമുഖ മാധ്യമം നടത്തിയ പോളില്‍ രാജ്യത്തെ 80 ശതമാനം പേരും ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.
ബുധനാഴ്ച 2,180 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ 920 കേസുകളും ഒളിംപിക്സ് വേദിയായ ടോക്കിയോയിലാണ്.ജനസംഖ്യയുടെ 15 ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്സീന് നല്‍കിയത്.വ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക വര്‍ധിപ്പിക്കുന്നു.
Discussion about this post