മലപ്പുറം: ടോക്കിയോ ഒളിംപിക്സില്‍ കേരളത്തിനഭിമാനമായി മലപ്പുറം സ്വദേശി എംപി ജാബിര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളിയാണ് ആനക്കയം മുടിക്കോട് സ്വദേശി എംപി ജാബിര്‍.
പട്യാലയില്‍ അടുത്തിടെ സമാപിച്ച അന്തര്‍സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കിയ ശേഷമാണ് ഇന്ത്യന്‍ നാവികസേനയുടെ അത്ലറ്റ് കൂടിയായ എംപി ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്.
14 റാങ്കുകള്‍ ലഭ്യമായ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ജാബിര്‍ യോഗ്യത നേടിയതെന്ന് ഡിഫന്‍സ് വക്താവ് പറഞ്ഞു. 40 അത്ലറ്റുകള് യോഗ്യത നേടുന്ന ലോക അത്ലറ്റിക്സിന്റെ റോഡ് ടു ഒളിംപിക്സ് റാങ്കിംഗില്‍ നിലവില്‍ 34-ാം സ്ഥാനത്താണ് ജാബിര്‍. ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുമ്പോള്‍, ഒളിംപിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ അത്ലറ്റായിരിക്കും ജാബിര്‍.
ഇന്ത്യന്‍ നാവികസേനയെയും സര്‍വീസസിനെയും പ്രതിനിധീകരിച്ച് ജാബിര്‍ നിരവധി ദേശീയ അന്തര്‍ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ജാബിര്‍ എന്ന് വക്താവ് പറഞ്ഞു.
ജാബിറിന് മലപ്പുറം ജില്ലാ കളക്ടര്‍ ആശംസകള്‍ നേര്‍ന്നു. ‘മലപ്പുറം ആനക്കയം സ്വദേശിക്ക് ഒളിമ്പിക്സ് യോഗ്യത. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശി എംപി. ജാബിര്‍. അഭിനന്ദനങ്ങള്‍’ എന്ന് കളക്ടര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
ജാവലിന്‍ ത്രോ താരം അന്നു റാണിയും സ്പ്രിന്റര്‍ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേര്‍ക്കും യോഗ്യത ലഭിച്ചത്.
Discussion about this post