ജിദ്ദ:ആരാധകര്‍ പ്രതീക്ഷിച്ച ആ ലാറ്റിനമേരിക്കന്‍ ക്ലാസിക് പോരാട്ടം ലോകകപ്പ് ടൂര്‍ണമെന്റില്‍ സംഭവിച്ചില്ലെങ്കിലും കാത്തിരിപ്പിനൊടുവില്‍ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി അര്‍ജന്റീനയും ബ്രസീലും ഇന്ന് നേര്‍ക്കുനേര്‍. ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മത്സരം.
മെസിയും നെയ്മറും നേരിട്ട് ഏറ്റുമുട്ടാനിറങ്ങാത്തത് ആരാധകര്‍ക്ക് നിരാശ പകരുമെങ്കിലും ഇരു ടീമുകളുടെയും പ്രകടനം ഏറെ മെച്ചപ്പെട്ടത് ആശ്വാസമാണ്.
കാനറികളുടെ കരുത്ത് പരിശീലകന് ടിറ്റെയുടെ തന്ത്രങ്ങളിലാണ്. ബ്രസീലിന്റെ ഒഴുക്കന്‍ മത്സരത്തെ മാറ്റിയെഴുതിയ ടിറ്റെ പുതിയൊരു ബ്രസീലിനെയും കളിശൈലിയുമാണ് വളര്‍ത്തിയെടുക്കുന്നത്.
ബാര്‍സിലോനയുടെ കുട്ടിഞ്ഞോ, പിഎസ്ജിയുടെ നെയ്മര്‍, റയലിന്റെ മാഴ്സെലോ, കസമീറോ തുടങ്ങിയവരുടെ കരുത്തിലാണ് ബ്രസീല്‍ ഇറങ്ങുക.
യുഎസ്എ, എല്‍സാല്‍വഡോര്‍, സൗദി അറേബ്യ ടീമുകളെ തോല്പിച്ചാണ് മഞ്ഞപ്പടയെത്തുന്നത്. പൗളിഞ്ഞോയ്ക്ക് പകരം മികച്ച ഫോമിലുള്ള ബാര്‍സിലോനയുടെ ആര്‍തറിന് അവസരം ലഭിച്ചേക്കും. ഫോമിലില്ലാത്ത ഫാബിന്യോയ്ക്ക് പകരം ഡാനിലൊയ്ക്കോ ഫ്രെഡിനോ അവസരം നല്‍കിയേക്കാം.
എന്നാല്‍ മുഖംമിനുക്കി യുവതലമുറയുടെ കരുത്തുമായാണ് അര്‍ജന്റീനയെത്തുന്നത്. ലയണല്‍മെസി, അഗ്യൂറോ, ഹിഗ്വെയിന്, ഡിമരിയ, തുടങ്ങിയ ഒരുപിടി സീനിയര്‍ താരങ്ങളെ ഒഴിവാക്കിയ കോച്ച് ലയണല്‍ സ്കളോണിയുടെ പ്രതീക്ഷ യുവതാരങ്ങളിലാണ്. യുവന്റസ് താരം ഡിബാല, നിക്കോളസ് ഒറ്മെന്‍ഡി, ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമീറോ തുടങ്ങിയവരാണ് ടീമിലെ പരിചയ സമ്പന്നര്‍. കൂടാതെ ഇന്റര്മിലാന് താരം മൗറോ ഇക്കാര്‍ഡിയും ടീമിന് കരുത്താകും.
പുതുമുഖങ്ങളായ ലോട്ടറോ മാര്‍ട്ടിനസ്, ജിയോവനി സിമിയോണ, ലിയാന്‍ഡ്രോ പരെഡസ്, എഡ്വേഡോ സാല്‍വിയോ, തുടങ്ങിയ താരങ്ങളെ പരിശീലകന് ബ്രസീലിനെതിരെ പരീക്ഷിച്ചേക്കും. ഗ്വാട്ടിമാലയേയും ഇറാഖിനേയും കീഴടക്കിയ അര്‍ജനന്റീനയുടെ യുവ പട പക്ഷെ കൊളംബിയയോട് സമനില വഴങ്ങി.
2019 കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള റിഹേഴ്സലാണ് ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം. അതുകൊണ്ട് തന്നെ ജിദ്ദയില്‍ പൊടിപാറുമെന്നുറപ്പാണ്.
Discussion about this post