‘ഏറ്റവും വലിയ നിധിയായിരുന്നു എന്റെ ഉമ്മ’; മാതാവ് കൂടെയില്ലാത്ത ആദ്യത്തെ റംസാന്റെ നോവ് പങ്കുവെച്ച് അഫ്ഗാൻ താരം റാഷിദ് ഖാൻ

rashid-khan_

മുംബൈ: മാതാവില്ലാതെ ആദ്യത്തെ റംസാൻ വ്രതമാസം പിന്നിടുന്നതിന്റെ നോവ് പങ്കുവെച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻരെ കുറിപ്പ്. കഴിഞ്ഞ ജൂണിൽ അന്തരിച്ച മാതാവിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് റാഷിദ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്നർ ആണ് റാഷിദ് ഖാൻ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് റാഷിദ് ഖാൻ മാതാവിനോടുള്ള സ്‌നേഹം പങ്കുവെച്ചത്.

”ഇതെന്റെ ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ വ്രതമാണ്. അവർ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പക്ഷേ അവരില്ലാതെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചില്ല. എന്റെ മനസ്സ് അവരോട് ഇപ്പോഴും സംസാരിക്കുന്നുണ്ട്, എൻറെ ഹൃദയം ഇപ്പോഴും ഉമ്മയെ അന്വേഷിക്കുന്നുണ്ട്. പക്ഷേ അവർ സമാധാനത്തിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാത്തിനേക്കാളും വലിയ നിധിയായിരുന്നു ഉമ്മ.” -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.

ദീർഘകാലമായി അസുഖബാധിതയായിരുന്ന റാഷിദ് ഖാന്റെ മാതാവ് കഴിഞ്ഞ വർഷം ജൂണിലാണ് അന്തരിച്ചത്. റാഷിദ് ഖാൻ ഐപിഎൽ മത്സരങ്ങളിൽ സജീവമായി ഫോമിൽ തന്നെ പങ്കെടുക്കുകയാണ് ഇപ്പോൾ. മുൻ സീസണുകളിലേത് പോലെ ഈ വർഷവും മികച്ച രീതിയിലാണ് റാഷിദ് ഹൈദരാബാദിനായി പന്തെറിയുന്നത്.

Exit mobile version