ഐഎസ്എല്‍ ഫൈനലില്‍ ചാമ്പ്യന്മാരായി മുംബൈ സിറ്റി എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ബഗാനെ കീഴടക്കിയാണ് മുംബൈ കന്നിക്കിരീടം ചൂടിയത്.
ആദ്യ സീസണ് മുതല്‍ ഐഎസ്എല്‍ കളിക്കുന്ന മുംബൈ സിറ്റിയുടെ കന്നി കിരീടത്തിനാണ് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐഎസ്എല്ലില്‍ നാലാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ എടികെ മോഹന്‍ ബഗാന് നിരാശയോടെ മടങ്ങാനായിരുന്നു വിധി.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ മുംബൈ ലീഡെടുക്കുകയായിരുന്നു. മുംബൈയ്ക്കായി 90ാം മിനിറ്റില്‍ ബിപിന്‍ സിങ്ങാണു ഗോള്‍ നേടിയത്. എടികെയ്ക്കു വേണ്ടി ഡേവിഡ് വില്യംസ് (18) ഗോള്‍ നേടിയപ്പോള്‍ ടിരിയുടെ സെല്‍ഫ് ഗോളും (29) മുംബൈയെ തുണച്ചു. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ മുംബൈ എഎഫ്സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.
ഇന്ന് മത്സരം നന്നായി തുടങ്ങിയത് എടികെ ആണ്. തുടക്കത്തില്‍ ഹാവി ഹെര്‍ണാണ്ടസിന്റെ ഒരു ഫ്രീകിക്കും പിന്നാലെ താരത്തിന്റെ ഒരു ഷോട്ടും മുംബൈ ഡിഫന്‍സിനെ പ്രതിരോധത്തിലാക്കി. മുംബൈ സിറ്റിയെ പന്ത് സൂക്ഷിക്കാന്‍ വിടാതെ കളിച്ച മോഹന്‍ ബഗാന് ആ മികവ് കൊണ്ട് തന്നെ ആദ്യ ഗോള്‍ നേടുകയായിരുന്നു. മുംബൈയുടെ അഹമ്മദ് ജാഹുവിന്റെ കാലില്‍ നിന്ന് പന്ത് നേരെ എത്തിയത് പെനാല്‍ട്ടി ബോക്സില്‍ ഉണ്ടായിരുന്ന വില്യംസിനായിരുന്നു. വില്യംസിന്റെ തട്ടുപൊളിപ്പന്‍ ഷോട്ട് തടുക്കാന്‍ ഗോള്‍കീപ്പര്‍ അമരീന്ദറിനായില്ല. അതോടെ കളിയുടെ 18ആം മിനുട്ടില്‍ മോഹന്‍ ബഗാന് ഒരു ഗോളിന് മുന്നിലെത്തി.
കളിയിലേക്ക് തിരികെ വരാന്‍ അവസരം നോക്കി നിന്ന മുംബൈ സിറ്റിക്ക് മോഹന്‍ ബഗാന് ഡിഫന്‍സ് ഗോള്‍ സമ്മാനിക്കുകയായിരുന്നു. അഹ്മദ് ജഹുവിന്റെ ഒരു ലോംഗ് പാസ് ഹെഡ് ചെയ്ത തിരി അത് സ്വന്തം വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഇതോടെ സ്കോര്‍ ഒപ്പമെത്തി. ഗോള്‍ നേടിയ ശേഷം മുംബൈ സിറ്റി അവരുടെ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചെത്തകയായിരുന്നു.
ഹാവി ഹെര്‍ണാണ്ടസ് 72-ാം മിനിട്ടില്‍ വീണ്ടും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ മുംബൈയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ആ ഷോട്ട് തട്ടിയകറ്റി. അമരീന്ദറിന്റെ കൈയ്യില്‍ തട്ടിയ പന്ത് പോസ്റ്റില്‍ ഇടിച്ചാണ് തെറിച്ചത്. ഒടുവില്‍ 90-ാം മിനിട്ടില്‍ മുംബൈ കിരീടത്തിലേക്കുള്ള തങ്ങളുടെ വിജയഗോള്‍ സ്വന്തമാക്കി. ടീം ഫോര്‍വേഡ് ബിപിന്‍ സിങ്ങാണ് മുംബൈക്കായി വിജയ ഗോള്‍ നേടിയത്.
Discussion about this post