മുംബൈ: സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കർഷക സമരത്തെ തള്ളിപ്പറഞ്ഞത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിർദേശമനുസരിച്ചാണ് എന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ക്രിക്കറ്റ് താരങ്ങൾ കർഷക സമരത്തിനെതിരായി ട്വിറ്ററിൽ നിലപാട് എടുക്കുന്നതെന്ന് കപിൽ ദേവ് പറഞ്ഞതായാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം, കപിലിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തിന്റെ വസ്തുതയെന്തെന്ന് തേടുകയാണ് സോഷ്യൽമീഡിയ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റനായ കപിൽ ദേവ് ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചുവെന്ന പ്രചാരണം ശക്തമായതോടെയാണ് ഫാക്ട്‌ചെക്കുമായി മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
കർഷകസമരത്തിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരായ പ്രചാരണമാണ് നടക്കുന്നതെന്ന തരത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രതികരിച്ച് സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ നിലപാട് ബിസിസിഐ സമ്മർദ്ദം മൂലമാണെന്ന് കപിൽ ദേവ് പറഞ്ഞതായി ട്വീറ്റ് പ്രത്യക്ഷപ്പെട്ടതും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചാരണം നടന്നതും.
ഈ പ്രചാരണം വാട്‌സ് ആപ്പിലൂടെ അതിവേഗത്തിൽ പരന്നു. എന്നാൽ കപിൽ ദേവ് ഇത്തരമൊരു ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് വസ്തുതാ പരിശോധക വെബ്‌സൈറ്റായ ബൂം ലൈവ് കണ്ടെത്തിയിരിക്കുന്നത്. തന്നെയുമല്ല ഫെബ്രുവരി നാലാം തിയതി കേന്ദ്രത്തിനും സമരം ചെയ്യുന്ന കർഷകർക്കിടയിലുമുള്ള സംഘർഷം ഉടൻ അവസാനിക്കണമെന്ന ആഗ്രഹമാണ് കപിൽ ദേവ് ട്വീറ്റ് ചെയ്തിട്ടുള്ളത്.
താരങ്ങൾ ബിസിസിഐ സമ്മർദ്ദത്തെ തുടർന്നാണ് കർഷക സമരത്തിന് എതിരെ നിലപാട് എടുത്തതെന്ന് കപിൽ ദേവ് പറഞ്ഞെന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.