ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് നാളെ തുടങ്ങും. പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫാസ്റ്റ് ബോളര്‍മാര്‍ മികച്ച പ്രകടനം നടത്തുമെന്നും സാഹചര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലമാണെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ വ്യക്തമാക്കി.
പെര്‍ത്തില്‍ ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത് വേഗമുള്ള പിച്ചാണ്. അതുകൊണ്ട് തന്നെ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ഇന്ത്യയ്ക്കെതിരേ നിര്‍ണായക പ്രകടനം നടത്താന്‍ സാധിക്കും. മിച്ചല്‍ സ്റ്റാര്‍ക്കിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
” ഫോമിലെത്തിയാല്‍ ഇപ്പോള്‍ സ്റ്റാര്‍ക്കിനേക്കാള്‍ മികച്ച ബൗളര്‍ ഈ ലോകത്തില്ല. പ്രത്യേകിച്ചും ന്യൂ ബോളില്‍. പെര്‍ത്തിലെ സാഹചര്യങ്ങള്‍ അവന് അനുകൂലമാണ് കേള്‍ക്കുന്നത് ശരിയാണെങ്കില്‍ വിക്കറ്റ് വളരെയേറെ വേഗമേറിയതാകും ‘ പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
അഡ്ലെയ്ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിനാണ് ജയിച്ചത്. 323 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 291 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടുന്നത്. 2008 ന് ശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ മുതലാണ് ആരംഭിക്കുന്നത്. വേഗവും ബൗണ്‍സും ലഭിക്കുന്ന പിച്ചാണ് പെര്‍ത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് പിച്ച് ക്യുറേറ്റര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post