ഹൈദരാബാദ്: ഇന്ത്യയ്ക്ക് അഭിമാനമാകാന്‍ മറ്റൊരു താരോദയം കൂടി. അരങ്ങേറ്റ മത്സരത്തിലെ പ്രകടനം കണ്ട് ഇതിഹാസ താരങ്ങളോട് ഉപമിക്കുന്നത് ക്രിക്കറ്റിലെ കീഴ്‌വഴക്കമല്ല, എന്നാല്‍ യുവക്രിക്കറ്റിന്റെ പ്രതീകമായ പൃഥ്വിഷായെ സച്ചിനോടും ലാറയോടും സെവാഗിനോടുമൊക്കെയാണ് എല്ലാവരും ഉപമിക്കുന്നത്.
എങ്ങനെ ചെയ്യാതിരിക്കും? അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം, അരങ്ങേറ്റ പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരവും! സ്വപ്നസമാനമെന്നല്ലാതെ എന്തു വിളിക്കും, പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റത്തെ? പതിനെട്ടു വയസ്സു മാത്രമുള്ള പൃഥ്വി ഷായുടെ പ്രകടനം കണ്ട് അന്ധാളിച്ചവരില്‍ ആരാധകരും പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമുണ്ട്! പതിനെട്ടാം വയസ്സില്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തങ്ങളിലാരും പൃഥ്വി ഷായുടെ 10 ശതമാനം പോലും ഇല്ലായിരുന്നുവെന്ന കോഹ്‌ലിയുടെ ഏറ്റുപറച്ചിലിലുണ്ട്, ഷായുടെ മഹത്വമത്രയും!
ക്രിക്കറ്റ് കളിക്കാനായി ജനിച്ചവനാണ് ഷായെന്നായിരുന്നു പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണം. എട്ടാം വയസ്സു മുതല്‍ മുംബൈയിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്നവനാണ് ഷാ. ചെറുപ്രായം മുതലുള്ള കഠിനാധ്വാനത്തിന്റെ ഗുണം ഷായുടെ പ്രകടനത്തില്‍ നിഴലിക്കുന്നുണ്ടെന്നും പരമ്പര വിജയത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ശാസ്ത്രി ചൂണ്ടിക്കാട്ടി.
‘കളി കാണുന്നവരെ ഉന്‍മാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് പൃഥ്വിയുടേത്. സാക്ഷാല്‍ സച്ചിന്‍ െതന്‍ഡുല്‍ക്കറിന്റെ അംശം അവനിലുണ്ട്. വീരേന്ദര്‍ സേവാഗിന്റെ അംശമുണ്ട്. ബ്രയാന്‍ ലാറയുടെയും’ – ശാസ്ത്രി പറഞ്ഞു. ഈ പ്രകടനം തലയ്ക്കു പിടിക്കാതെ കഠിനാധ്വാനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുള്ള താരമാണ് പൃഥ്വിയെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post