ധാക്ക: ബംഗബന്ധു ട്വന്റി20 കപ്പ് മത്സരത്തിനിടെ സഹതാരത്തോട് മോശമായി പെരുമാറിയ ബെക്‌സിംകോ ധാക്ക ടീമിലെ ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹീം മാപ്പുപറഞ്ഞു. സഹതാരമായ നസും അഹ്മദിനോട് മോശമായി പെരുമാറിയതിനാണ് മുഷ്ഫിഖുർ മാപ്പുപറഞ്ഞത്. തിങ്കളാഴ്ച ബർഷാലിനെതിരെ നടന്ന മത്സരത്തിലായിരുന്നു കായിക ലോകത്തെ തന്നെ ഞെട്ടിച്ച് താരത്തിന്റെ മോശം പെരുമാറ്റമുണ്ടായത്.
മത്സരത്തിന്റെ 13ാം ഓവറിൽ ബർഷാലിന്റെ അഫീഫ് ഹുസൈൻ മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി വിക്കറ്റ് കീപ്പറായ മുഷ്ഫിഖുറും ഇത് ശ്രദ്ധിക്കാതെ നസുമും ഓടുകയായിരുന്നു. ഇരുവരും കൂട്ടിയിടിക്കുന്നത് ഒഴിവാക്കി ക്യാച്ച് കൈക്കലാക്കിയ ശേഷമാണ് മുഷ്ഫിഖുർ നസുമിനോട് തട്ടിക്കയറുകയും തല്ലാനായി കൈ ഉയർത്തുകയും ചെയ്തത്. തുടർന്ന് ഇരുവരും വാക്കേറ്റവുമുണ്ടായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ മുഷ്ഫിഖുറിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനുപിന്നാലെ ഇൻസ്റ്റാഗ്രാമിൽ ഖേദപ്രകടനവുമായി മുഷ്ഫിഖുർ എത്തി. ”ഇന്നലെ മത്സരത്തിനിടെയുണ്ടായ സംഭവത്തിന് ആരാധകരോടും കാണികളോടും ഞാൻ മാപ്പുചോദിക്കുന്നു. സഹതാരമായ നസുമിനോട് ഇന്നലെത്തന്നെ ഞാൻ മാപ്പുചോദിച്ചിരുന്നു. രണ്ടാമതായി ഞാൻ ദൈവത്തോടും മാപ്പുചോദിച്ചു. എല്ലാത്തിനുമുപരി ഞാനുമൊരു മനുഷ്യനാണ്. എന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അംഗീകരിക്കാവുന്നതല്ല. ഇനിമുതൽ കളത്തിലോ പുറത്തോ അത്തരമൊരുപെരുമാറ്റം ഉണ്ടാകില്ല” മുഷ്ഫിഖുർ കുറിച്ചു. മത്സരത്തിൽ ബെക്‌സിംകോ ധാക്ക 9 റൺസിന് വിജയിച്ചിരുന്നു.