‘മറക്കില്ല മറഡോണയെ’; ഇതിഹാസ താരത്തിന് അർഹിച്ച ആദരമൊരുക്കി നാപോളി; അർജന്റീനൻ ജേഴ്‌സിയിൽ കളത്തിലിറങ്ങി റോമയെ തകർത്തെറിഞ്ഞ് വൻവിജയം

Napoli | Sports news

നേപിൾസ്: അർജന്റീനയ്ക്ക് ഫുട്‌ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ എത്രമാത്രം പ്രിയപ്പെട്ടതാണോ അത്ര തന്നെ അളവിൽ ഇറ്റലിക്കും പ്രിയങ്കരനാണ്. നാപോളി ക്ലബിന്റെ താരമായി അദ്ദേഹം എത്തിയതുമുതൽ ഇറ്റലിയുടെ കൂടി സ്വന്തമാവുകയായിരുന്നു മറഡോണ. ഏഴ് വർഷക്കാലം ഇറ്റലിയുടെ ക്ലബ് ഫുട്‌ബോളിന്റെ യശ്ശസ് ചുമലിലേറ്റിയ താരമായിരുന്നു അദ്ദേഹം.

Napoli | Sports news

മറഡോണ നാപോളി ക്ലബിലുണ്ടായിരുന്ന 1987ലും 1990ലും മാത്രമാണ് നാപോളിക്ക് ലീഗിൽ കിരീടം നേടാൻ സാധിച്ചിരുന്നത്. 1989ൽ മറഡോണയുടെ കരുത്തിൽ യുവേഫ കപ്പും ക്ലബ് സ്വന്തമാക്കിയിരുന്നു. നാപോളിയുടെ ഹോംഗ്രൗണ്ടായ സ്‌റ്റേഡിയോ സാൻ പോളോ മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് നേപിൾസ് മേയർ കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന നാപോളി ക്ലബ് അദ്ദേഹത്തിന് അർഹിച്ച യാത്രയയപ്പ് ഒരുക്കി കായിക ലോകത്തിന്റെ സ്‌നേഹം തുറന്നുകാണിച്ചിരിക്കുകയാണ്. മറഡോണ ധരിച്ചിരുന്ന അർജന്റീനയുടെ നീലയും വെള്ളയും വരകളുള്ള ജേഴ്‌സിയുടെ മോഡലിലിൽ പ്രത്യേകം തയ്യാറാക്കിയ ജേഴ്‌സി അണിഞ്ഞാണ് നേപിൾസിന്റെ മുഴുവൻ കളിക്കാരും കളത്തിലിറങ്ങിയത്.

Napoli | Sports news
Napoli

ഹോംഗ്രൗണ്ടിലെ മത്സരത്തിനായി മറഡോണയുടെ ജേഴ്‌സി മാത്രമല്ല കിടിലൻ കളി മികവും താരങ്ങൾ പുറത്തെടുത്തു. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് എഎസ് റോമയെ നാപോളി തകർത്തുവിട്ടത്. ലോറൻസോ ഇൻസിഗ്‌നേ (30), ഫാബിയൻ റൂയിസ് (64), ഡ്രീസ് മെർടൻസ് (81), മാറ്റിയോ പോളിറ്റാനോ (86) എന്നിവരാണ് നാപോളിക്കായി വല കുലുക്കിയത്. ഈ വിജയത്തോടെ റോമയം മറികടന്ന് നാപോളി 17 പോയിന്റോടെ പോയിന്റ് ടേബിളിൽ 5ാം സ്ഥാനത്തേക്ക് ഉയർന്നു.

‘സാധാരണയിൽ കവിഞ്ഞ ഒരു പ്രകടനം നടത്താൻ ഞങ്ങൾ നിർബന്ധിതരായിരുന്നു. അദ്ദേഹത്തിന് വേണ്ടിയും ആ വിടവാങ്ങലിൽ വിറച്ച് നിൽക്കുന്ന നേപിൾസിലെ ജനങ്ങൾക്ക് വേണ്ടിയും ഞങ്ങൾക്ക് ജയിക്കണമായിരുന്നു. ഈ ജയം ഞങ്ങൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു.’ സീരി ‘എ’യിലെ വിജയത്തിന് ശേഷം നാപോളി നായകൻ ലോറൻസോ ഇൻസിഗ്‌നേ പ്രതികരിച്ചതിങ്ങനെ.

മറഡോണയുടെ മരണത്തിൽ തകർന്നിരിക്കുന്ന നേപിൾസിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് നാപോളിയുടെ ഹോം ഗ്രൗണ്ടിലെ വിജയം. വ്യാഴാഴ്ച ക്രൊയേഷ്യൻ ക്ലബായ റിയേക്കയ്‌ക്കെതിരെ മറഡോണയുടെ വിഖ്യാതമായ 10ാം നമ്പർ ജഴ്‌സിയണിഞ്ഞായിരുന്നു നാപോളിയുടെ മുഴുവൻ താരങ്ങളും ഇറങ്ങിയത്.

Napoli | Sports news

മത്സരത്തിൽ അവർ 2-0 നാണ് ജയിച്ചതും. മറഡോണയോടുള്ള ആദരസൂചകമായി കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളിക്കാർ മത്സരത്തിനിറങ്ങിയത്. ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങൾക്ക് മുമ്പും ഒരു മിനിറ്റ് മൗനം ആചരിക്കുന്നുണ്ട്.

Exit mobile version