ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി യുവതി രംഗത്ത്. സഹപാഠിയായിരുന്ന തനിക്ക് വിവാഹ വാഗ്ദാനം നൽകി പത്ത് വർഷത്തോളമായി അസം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അസമിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴെല്ലാം താനായിരുന്നു സഹായിച്ചിരുന്നതെന്നും യുവതി പറഞ്ഞു.
സ്കൂൾ കാലം മുതൽ അസമിനെ പരിചയമുണ്ട്. തന്റെ സഹപാഠിയായിരുന്നു അസം. പിന്നീട് പ്രണയത്തിലായെന്നും വിവാഹവാഗ്ദാനം നൽകിയിരുന്നു എന്നും യുവതി പറയുന്നു. കഴിഞ്ഞ 10 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇക്കാലത്ത് വിവാഹ വാഗ്ദാനം നൽകി അസം ലൈംഗികമായി പീഡിപ്പിച്ചു. എന്നെ ഗർഭിണിയാക്കി. ഭീഷണിപ്പെടുത്തി ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്.
ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്നതോടെയാണ് അസം ആകെ മാറിയതെന്നും ഇപ്പോൾ തന്നെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നെന്നും യുവതി ആരോപിക്കുന്നു. പ്രത്യേകം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യുവതി ആരോപണങ്ങളുന്നയിച്ചത്.
2010 ൽ തന്നെ വിവാഹതരാകാൻ തീരുമാനിച്ചിരുന്നു. പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോൾ തന്നെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതിന് ബാബർ അസം തന്നെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.
അതേസമയം, ന്യൂസീലാൻഡ് പര്യടനത്തിനായി പുറപ്പെട്ട ടീമിനോടൊപ്പമാണ് നിലവിൽ ബാബർ അസമുള്ളത്. വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.ാേ