ദുബായ്: മുംബൈ ഇന്ത്യൻസിന്റെ അഞ്ചാം കിരീടധാരണത്തോടെ നായകൻ രോഹിത് ശർമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്. നാലാം തവണയാണ് രോഹിത് നായകസ്ഥാനത്ത് നിന്നുകൊണ്ട് മുംബൈയ്ക്ക് കപ്പ് നേടി കൊടുത്തിരിക്കുന്നത്. മുംബൈയെ മാത്രമല്ല, ഇന്ത്യൻ ടീമിനേയും രോഹിത് നയിക്കണമെന്നാണ് ഇതോടെ ഉയരുന്ന അഭിപ്രായം. ഏഴ് വർഷം കൊണ്ട് രോഹിത്ത് നേടിയ അഞ്ച് ഐപിഎൽ കപ്പുകൾ ഉയർത്തി കാണിച്ചാണ് ക്രിക്കറ്റ് രംഗത്തെ വിദഗ്ധർ രോഹിത്തിനായി മുറവിളി കൂട്ടുന്നത്.
അതേസമയം, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായകനും ഇന്ത്യൻ ടീം നായകനുമായി വിരാട് കോഹ്‌ലിയാണ് രോഹിത്തിന്റെ കിരീട ധാരണത്തോടെ വിഷമത്തിലായിരിക്കുന്നത്. രോഹിത്തിന്റെ അതേ കാലയളവിൽ ബാംഗ്ലൂരിനെ നയിച്ച കോഹ്‌ലിക്കാകട്ടെ കപ്പ് പോയിട്ട് പറയത്തക്ക ഫൈനൽ പ്രവേശം പോലും എടുത്തുപറയാനില്ല.
ഇതോടെയാണ് ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് രോഹിത്തിനെ പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രമുഖതാരങ്ങൾ തന്നെ രംഗത്തെത്തി. മുംബൈ ഇന്ത്യൻസ് ലോകത്തെ ഏറ്റവും മികച്ച ട്വന്റി20 ഫ്രാഞ്ചൈസിയാണെന്നും രോഹിത് ഏറ്റവും മികച്ച ക്യാപ്റ്റനാണെന്നും മുൻ ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ വിരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു.
രോഹിത് ശർമ്മ ഇന്ത്യയുടെ ട്വന്റി 20 നായകനായില്ലെങ്കിൽ നഷ്ടം അദ്ദേഹത്തിനല്ല, ഇന്ത്യക്കാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ തുറന്നടിച്ചു. പ്രകടനം നോക്കിയാൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ രോഹിത് തന്നെയാണ് ക്യാപ്റ്റനാകേണ്ടതെന്നും ഗംഭീർ പ്രതികരിച്ചു.
”രോഹിത് ശർമ്മയെ നിർബന്ധമായും ഇന്ത്യയുടെ ട്വന്റി20 നായകനാക്കണം. വിസ്മയിപ്പിക്കുന്ന മാനേജറും നേതാവുമാണയാൾ. എങ്ങനെ ട്വന്റി 20 ജയിപ്പിക്കണമെന്ന് അദ്ദേഹത്തിനറിയാം. ഇത്‌വഴി കൂടുതൽ ആശ്വാസത്തോടെ കളിക്കാരനായി തുടരാൻ കോഹ്‌ലിക്കാകും”-മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.
എംഎസ് ധോണി വിരമിച്ചതോടെ നിലവിൽ ഇന്ത്യയുടെ മൂന്ന് ഫോർമാറ്റ് ടീമുകളേയും വിരാട് കോഹ്‌ലിയാണ് നയിക്കുന്നത്. ഏകദിനത്തിലും ട്വന്റി 20യിലും രോഹിത്താണ് വൈസ് ക്യാപ്റ്റൻ. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
Discussion about this post