അബുദാബി: സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ചൊവ്വാഴ്ച നടക്കുന്ന കലാശപോരാട്ടത്തിൽ ഡൽഹി ഇനി മുംബൈയോട് ഏറ്റുമുട്ടും. രണ്ടാം ക്വാളിഫൈയറിൽ 17 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ തകർത്തത്. ബാറ്റിങിലും ബൗളിങിലും കരുത്ത് കാണിച്ച ഡൽഹി ഹൈദരാബാദിനെ ഒരു തരത്തിലും മേധാവിത്വം പുലർത്താൻ അനുവദിക്കാതെ ആധികാരികമായി തന്നെ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 172 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഡല്‍ഹിയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടി ധവാനും നാലുവിക്കറ്റ് വീഴ്ത്തി റബാദയും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച് സ്റ്റോയിനിസും തിളങ്ങി. സണ്‍റൈസേഴ്‌സിനുവേണ്ടി അര്‍ധസെഞ്ചുറി നേടി വില്യംസണ്‍(67) മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ, ഹൈദരാബാദ് ബൗളേഴ്‌സ് തുടക്കത്തിൽ വാരിക്കോരി റൺസ് നൽകിയതാണ് ഡൽഹിക്ക് വലിയ സ്‌കോർ നേടാൻ തുണയായത്. ബൗളർമാരെ മാറിമാറി വാർണർ പരീക്ഷിച്ചെങ്കിലും മൂന്ന് വിക്കറ്റിൽ കൂടുതൽ വീഴ്ത്താനാകാതെ പോവുകയായിരുന്നു. എങ്കിലും അവസാന രണ്ട് ഓവറുകളിൽ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത നടരാജനും സന്ദീപ് ശർമ്മയുമാണ് ഡൽഹി സ്‌കോർ 200 കടക്കാതെ പിടിച്ചുകെട്ടിയത്. സൺറൈസേഴ്‌സിന് വേണ്ടി ഹോൾഡർ, സന്ദീപ് ശർമ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
അതേസമയം, ഹൈദരാബാദ് നിരയിൽ തുടക്കത്തിൽ തന്നെ വാർണറെ നഷ്ടപ്പെട്ടത് ടീമിന്റെ ആത്മവിശ്വാസം കെടുത്തുകയായിരുന്നു. തുടർന്ന് വന്ന ബാറ്റ്‌സ്മാന്മാർക്ക് ആർക്കും ഡൽഹി ബൗളിങ് നിരയെ പ്രഹരിക്കാനായില്ല. സെൻസിബിൾ ഇന്നിങ്‌സിന് പേരുകേട്ട കെയ്ൻ വില്യംസൺ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. അബ്ദുൾ സമദ് (33), മനീഷ് പാണ്ഡെ (21) എന്നിവരാണ് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച മറ്റുള്ളവർ.
വിജയപ്രതീക്ഷ അവസാന നിമിഷം വരെ ഹൈദരാബാദിന് ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ വാലറ്റത്തെ വിക്കറ്റുകൾ റബാദ ഡൽഹിക്കായി മത്സരം പിടിച്ചെടുത്തു. 19ാം ഓവറിൽ 33 റൺസെടുത്ത സമദിനെയും 11 റൺസെടുത്ത റാഷിദ് ഖാനെയും ഗോസ്വാമിയെയും അടുത്തടുത്ത പന്തുകളിൽ മടക്കി റബാദ ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചു. ഡൽഹിയ്ക്ക് വേണ്ടി റബാദ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്‌റ്റോയിനിസ് മൂന്നുവിക്കറ്റുകൾ നേടി. ശേഷിച്ച വിക്കറ്റ് അക്ഷർ പട്ടേൽ സ്വന്തമാക്കി.
ഇതോടൊപ്പം കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർക്കുള്ള പർപ്പിൾ ക്യാപ്പ് റബാദ ബൂംറയിൽ നിന്നും തിരിച്ചുപിടിക്കുകയും ചെയ്തു. ഫൈനലിൽ ബൂംറയും റബാദയും പർപ്പിൾ ക്യാപിനായി മത്സരിക്കുന്നത് കാണാൻ ആരാധകർക്കും ആവേശത്തോടെ കാത്തിരിക്കാം.
Discussion about this post