രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങൾ കമ്മിൻസ് എറിഞ്ഞിട്ടു; കൊൽക്കത്തയ്ക്ക് 60 റൺസിന്റെ വൻവിജയം

ദുബായ്: ഈ ഐപിഎൽ സീസണിലെ പ്ലേഓഫ് മോഹങ്ങൾ അവസാനിച്ച് രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 60 റൺസിന്റെ വലിയ തോൽവി ഏറ്റുവാങ്ങിയാണ് രാജസ്ഥാൻ ഐപിഎല്ലിൽ നിന്നും മടങ്ങുന്നത്. തോറ്റ് പുറത്താകുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാൻ മാറി. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ബാക്കി മത്സരഫലങ്ങളെ ആശ്രയിച്ചാകും അവരുടെ സാധ്യത.

ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്ത് 192 റൺസിന്റെ വിജയലക്ഷ്യം രാജസ്ഥാന് മുന്നിൽ ഉയർത്തുകയായിരുന്നു. എന്നാൽ പോരാടാൻ ശ്രമിക്കാതെ രാജസ്ഥാൻ തുടക്കം മുതൽ തന്നെ കൊൽക്കത്തയ്ക്ക് വിക്കറ്റുകൾ സമ്മാനിച്ച് തോൽവി ചോദിച്ച് വാങ്ങുകയായിരുന്നു.

20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസിന് രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു.35 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ നിരയിലെ ടോപ്‌സ്‌കോറർ. രാഹുൽ തെവാതിയ 31 റൺസും ശ്രേയസ് ഗോപാൽ 23 റൺസും നേടി. മലയാളി താരം സഞ്ജു സാംസൺ ഒരു റൺ എടുത്ത് മടങ്ങി. കൊൽക്കത്തയ്ക്കായി 4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് രാജസ്ഥാനെ എറിഞ്ഞുവീഴ്ത്തിയത്. ശിവം മാവിയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

അതേസമയം, ക്യാപ്റ്റൻ ഓയിൻ മോർഗന്റെ ഇന്നിങ്‌സാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 191 റൺസെന്ന കൂറ്റൻ സ്‌കോറിലേക്ക് എത്തിച്ചത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 191 റൺസെടുത്തത്. 35 പന്തുകൾ നേരിട്ട മോർഗൻ ആറു സിക്‌സും അഞ്ചു ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു. നിതീഷ് റാണ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച ശുഭ്മാൻ ഗിൽ -രാഹുൽ ത്രിപാഠി സഖ്യം 72 റൺസ് കൂട്ടിച്ചേർത്തത് കൊൽക്കത്തയ്ക്ക് ആത്മവിശ്വാസം നൽകി. 24 പന്തുകൾ നേരിട്ട ഗിൽ ആറു ഫോറുകളടക്കം 36 റൺസെടുത്തു. രാഹുൽ ത്രിപാഠി 34 പന്തിൽ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 39 റൺസെടുത്ത് പുറത്തായി.

Exit mobile version